ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ വൈറസ് ഭീഷണിയ്ക്കൊപ്പം ചൈനയില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമം നേരിടുകയാണ്.
മരുന്നുകളും പ്രതിരോധ സാമഗ്രികളും എത്തിക്കണമെന്നുള്ള ആവശ്യവുമായി ചൈനീസ് പ്രധാനമന്ത്രി ലി കെക് ലിയാന്‍ യൂറോപ്യന്‍ യൂണിയനെ സമീപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മാത്രം ചൈനയില്‍ 57 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. 2,103 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 16,600 ആയി ഉയര്‍ന്നു.
ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്. ഇന്നലെ വരെ കൊറോണയില്‍ ചൈനയില്‍ 304 മരണം എന്നായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം, കൊറോണ വൈറസ് ഭീകരമായ വിധം പടരുന്ന സാഹചര്യത്തില്‍, വിവിധ ലോകരാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകളടക്കം നിര്‍ത്തിവയ്ക്കുകയാണ്. ഏറ്റവും ഒടുവിലായി ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സാണ് വ്യക്തമാക്കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അതിനിടെ ആവശ്യത്തിന് മാസ്‌ക്കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാന്‍ നഗരം വലയുകയാണ്. സംഭരിച്ച ടണ്‍ കണക്കിന് മെഡിക്കല്‍ സാമഗ്രികള്‍ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണെന്നും റെഡ് ക്രോസിന്‍റെ ഏകോപനമില്ലായ്മയാണ് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.
കൊറോണ ബാധയുള്ളവരെ ചികിത്സിക്കുന്ന 7 ആശുപത്രികളാണ് വുഹാനിലുള്ളത്. ഇവിടെയെല്ലാം മെഡിക്കല്‍സാമഗ്രികള്‍ക്ക് ക്ഷാമം നേരിടുകയാണ് എന്നാണ് റിപ്പോര്‍ട്ട്.