gnn24x7

ബ്രസീല്‍ ആരോഗ്യമന്ത്രിയെ പുറത്താക്കി പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ

0
168
gnn24x7

ബ്രസീല്‍ ആരോഗ്യമന്ത്രിയെ പുറത്താക്കി പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ. ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡേറ്റയും ബൊല്‍സൊനാരോയും തമ്മില്‍ ആഴ്ചകളായി നീണ്ടു നില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവിലാണ് നടപടി.

കൊവിഡ്-19 നെതിരെ ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ച സുരക്ഷാ മുന്‍കരുതലുകളെ ബൊല്‍സൊനാരോ നേരത്തെ തന്നെ എതിര്‍ത്തിരുന്നു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും വീടിനുള്ളില്‍ കഴിയണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ബൊല്‍സൊനാരോ ഇത് അംഗീകരിച്ചിരുന്നില്ല.

ഒപ്പം കൊവിഡ്-19 ചികിത്സയ്ക്കായി ബൊല്‍സൊനാരോ മുന്നോട്ട് വെച്ച അശാസ്ത്രീയ ചികിത്സാ രീതികളെ ആരോഗ്യ മന്ത്രി എതിര്‍ത്തിരുന്നു. ആഗോളതലത്തില്‍ സ്വീകരിച്ചിട്ടുള്ള ചികിത്സാ രീതികള്‍ മാത്രം പിന്തുടരാനായിരുന്നു ലൂയിസ് ഹെന്റിക് നിര്‍ദ്ദേശിച്ചത്. ഗവര്‍ണര്‍മാര്‍ സ്വീകരിച്ച ലോക്ഡൗണ്‍ നടപടികളെ ഇദ്ദേഹം പ്രശംസിച്ചപ്പോള്‍ ബൊല്‍സൊനാരോ അതിനെ എതിര്‍ക്കുകയാണുണ്ടായത്.

ഞായറാഴ്ച ഒരു ടെലിവിഷന്‍ ചാനലിനു ആരോഗ്യമന്ത്രി നല്‍കിയ അഭിമുഖത്തിനു ശേഷമാണ് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായത്. സര്‍ക്കാര്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ ഒരേ ശബ്ദത്തില്‍ സംസാരിക്കണം എന്ന പരാമര്‍ശം ഇദ്ദേഹം ചാനലില്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ ബൊല്‍സൊനാരോ ആരോഗ്യമന്ത്രിയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേ പറ്റി ആരോഗ്യമന്ത്രിക്കും വിവരം ലഭിച്ചിരുന്നെന്നാണ് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നത്.

ബ്രസീലില്‍ കൊവിഡ്-19 വ്യാപനം തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയെ പുറത്താക്കിയിരിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം ഇതുവരെ 29165 പേര്‍ക്ക് രാജ്യത്ത് കൊവിഡ് പിടിപെട്ടു. 1764 പേരാണ് കൊവിഡ് ബാധിച്ച് ബ്രസീലില്‍ മരിച്ചത്.

പ്രസിഡന്റ് ബൊല്‍സൊനാരോയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അപര്യാപ്തത നേരത്തെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൊവിഡിനെതിരെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ വിസമ്മതിച്ച ബൊല്‍സൊനാരോ കൊവിഡിനെതിരെയുള്ള മുന്‍ കരുതലുകള്‍ കാല്‍പ്പനികവും ഒരു തരം ഹിസ്റ്റീരിയയുമാണെന്നായിരുന്നു പ്രതികരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here