gnn24x7

യൂറോപ്പിലേക്കുള്ള അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സിറിയന്‍, അഫ്ഘാന്‍ അഭയാര്‍ത്ഥികള്‍ക്ക് സൈനികസേനയുടെ ക്രൂര പീഡനം

0
214
gnn24x7

യൂറോപ്പിലേക്കുള്ള തുര്‍ക്കിഷ് അതിര്‍ത്തി തുറന്നുകൊടുത്തതിനു പിന്നാലെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സിറിയന്‍, അഫ്ഘാന്‍ അഭയാര്‍ത്ഥികള്‍ക്ക് ഗ്രീക്ക് അതിര്‍ത്തിയില്‍ വെച്ച് സൈനികസേനയുടെ ക്രൂര പീഡനം. അഭയാര്‍ത്ഥികളെ പിടികൂടിയ ഉദ്യോഗസ്ഥര്‍ ഇവരുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും കൊടുംതണുപ്പില്‍ ഇവരെ തിരിച്ചയക്കുകയും ചെയ്തു. പലരും മര്‍ദ്ദനത്തിനും ഇരയായി.

‘ അവര്‍ ഞങ്ങളെ നഗ്നരാക്കി ഞങ്ങളുടെ പണവും ബാഗുകളും കവര്‍ന്നെടുത്തു. അവര്‍ പ്ലാസ്റ്റിക് ദണ്ഡുകള്‍ ഉപയോഗിച്ച് അഫ്ഘാന്‍ സ്ത്രീകളെ മര്‍ദ്ദിച്ചു. മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നവരാണ് യൂറോപ്യന്‍ ജനത എന്നാണ് അവകാശപ്പെടുന്നത്. എവിടെയാണ് ഇവരുടെ മനുഷ്യാവകാശം? ഒരു സിറിയന്‍ അഭയാര്‍ത്ഥി മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.

തണുപ്പില്‍ വലഞ്ഞ് അര്‍ദ്ധനഗ്നരായി നില്‍ക്കുന്ന അഭയാര്‍ത്ഥികളുടെ ദൃശ്യം തുര്‍ക്കിയിലെ വാര്‍ത്താ മാധ്യമമായ ടി.ആര്‍.ടി പുറത്തുവിട്ടിട്ടുണ്ട്.

ഗ്രീക്ക് സേന മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ ചോരപ്പാടുകള്‍ ക്യാമറയ്ക്കു മുന്നില്‍ കാണിക്കുന്ന ഒരു യുവാവിന്റെ ചിത്രവും മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച യൂറോപ്പിലേക്ക് കടക്കാന്‍ തുര്‍ക്കിഷ് അതിര്‍ത്തി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ തുറന്നുകൊടുത്തതിനു പിന്നാലെയാണ് തുര്‍ക്കിയിലെ സിറിയന്‍, അഫ്ഘാന്‍ അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് കടക്കാന്‍ ഗ്രീക്ക് അതിര്‍ത്തിയിലെത്തിയത്.
സിറിയയിലെ ഇദ്‌ലിബ് വിമത കേന്ദ്രത്തില്‍ വെച്ച് തുര്‍ക്കിയിലെ 34 സൈനികര്‍ കൊല്ലപ്പെട്ടതിനുപിന്നാലെയായിരുന്നു എര്‍ദൊഗാന്റെ തീരുമാനം.

40 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളാണ് തുര്‍ക്കിയിലുള്ളത്. തുര്‍ക്കിക്ക് ഇത്രയധികം അഭയാര്‍ത്ഥികളെ താങ്ങാനാവില്ലെന്നും അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നും യൂറോപ്യന്‍ രാജ്യങ്ങളോട് ഇതിനു മുമ്പും എര്‍ദൊഗാന്‍ ആവശ്യപ്പെട്ടിരുന്നു.

2016 ല്‍ യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മിലുണ്ടാക്കിയ അഭയാര്‍ത്ഥി കരാറിലെ വ്യവസ്ഥകള്‍ യൂറോപ്യന്‍ യൂണിയന്‍ പാലിക്കുന്നില്ലെന്ന് എര്‍ദൊഗാന്‍ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here