gnn24x7

കോവിഡ് അവസരം മുതലാക്കി അധികാരം മുഴുവൻ കൈക്കലാക്കി ഹംഗറി പ്രധാനമന്ത്രി

0
186
gnn24x7

ബുഡപെസ്റ്റ്: കോവിഡ് അവസരം മുതലാക്കി അധികാരം മുഴുവൻ കൈക്കലാക്കി ഭരണാധികാരി. ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനാണ് നിയമം മാറ്റിയെഴുതി രാജ്യത്തിന്റെ അധികാരം മുഴുവൻ തന്നിലേക്ക് ചുരുക്കിയത്. സവിശേഷ അധികാരങ്ങൾ പ്രധാനമന്ത്രിക്ക് നൽകി പാർലമെന്റ് നിയമം പാസാക്കി. ആ നിയമത്തിന്റെ പേര് ‘ആന്റി കൊറോണാവൈറസ് ഡിഫൻസ് ലോ’.

മാർച്ച് 11 ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പുറമെയാണ് പുതിയ നിയമം. ഇതോടെ അടിയന്തരാവസ്ഥ നീട്ടാൻ പാർലമെന്റിന്റേയോ മറ്റോ അനുവാദം പ്രധാനമന്ത്രി വിക്ടർ ഒർബാന് വേണ്ട. സ്വേച്ഛാധിപതിയെന്നാണ് സ്വന്തം പാർട്ടിക്കാർ പോലും ഒർബാനെ വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുപ്പുകളില്ലാതെ അധികാരത്തിൽ തുടരാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. എന്തും ചെയ്യാമെന്ന് വിചാരിക്കേണ്ടെന്നാണ് ഒർബാന് യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പ്.

എന്നാൽ ആശങ്കകൾ അനാവശ്യമാണെന്നും കോറോണ ഭീതി അകന്നാൽ അധികാരം തിരികെ നൽകുമെന്നാണ് ഓർബാന്റെ ന്യായം. പുതിയ നിയമം കോവിഡിനെ നേരിടാനാണെന്നും പ്രധാനമന്ത്രി പറയുന്നു.

‘ആന്റി കൊറോണാവൈറസ് ഡിഫൻസ് ലോ’ എന്ന നിയമം മൂലം ഇല്ലാതാകുന്നത് ഒരു രാജ്യത്തെ ജനാധിപത്യമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഈ നിയമം കൂടി വരുന്നതോടെ അധികാരം പൂർണമായും പ്രധാനമന്ത്രി ഓർബാന്റെ കൈപ്പിടിയിൽ ഒതുങ്ങുകയാണ്. ഈ നിയമത്തോടെ നിലവിലുള്ള അടിയന്തരാവസ്ഥ എത്രകാലം തുടരാനും ഓർബാന് സാധിക്കും. അതിന് പാർലമെന്റിന്റെയോ എംപിമാരുടെയോ സമ്മതം ആവശ്യമില്ല. അടിയന്തരാവസ്ഥക്കാലം തീരും വരെ തെരഞ്ഞെടുപ്പുകളും പാടില്ല.

പാർലമെന്റിൽ 53 നെതിരെ 137 വോട്ടിനാണ് “കൊറോണ വൈറസിനെതിരെയുള്ള” നിയമം പാസായത്. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ഓർബാന്റെ പാർട്ടിക്കാണ്.പുതിയ നിയമത്തോടെ കോവിഡിനെതിരെയുള്ള സർക്കാർ നടപടികളെ തടസ്സപ്പെടുത്തുന്നുവെന്ന പേരിലും വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിലും ആരേയും ജയിലിലടയ്ക്കാൻ പ്രധാനമന്ത്രിക്ക് അധികാരമുണ്ടാകും. ഇതോടെ അപകടത്തിലാകുന്നത് മാധ്യമസ്വാതന്ത്ര്യം കൂടിയാണ്.

കൊറോണ വൈറസിനെ നേരിടാൻ ഈ അധികാരം അനിവാര്യമാണെന്നാണ് ഗവൺമെന്റിന്റെ വാദം. എന്നാൽ നിലവിലെ കോവിഡ് ആശങ്കകൾ അകന്നാൽ അധികാരം തിരികെ നൽകാൻ ഓർബാൻ തയ്യാറാകുമോ എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യവും ആശങ്കയും.

447 കോവിഡ് കേസുകളാണ് ഹംഗറിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 15 പേർ രോഗം മൂലം മരണപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here