gnn24x7

176 യാത്രാക്കാരുമായി പറന്നുയര്‍ന്ന ഉക്രൈന്‍ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ കുറ്റസമ്മതം നടത്തി ഇറാന്‍

0
241
gnn24x7

ടെഹ്റാന്‍: ടെഹ്റാനില്‍ നിന്നും 176 യാത്രാക്കാരുമായി പറന്നുയര്‍ന്ന ഉക്രൈന്‍ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ കുറ്റസമ്മതം നടത്തി ഇറാന്‍.വിമാനം അപകത്തില്‍പ്പെട്ടതല്ലെന്നും തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്നുമാണ് ഇറാന്‍റെ കുറ്റസമ്മതം.

മാനുഷികമായ പിഴവുമൂലം തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും അതോടെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നുവെന്ന്‌ സൈന്യത്തിന്‍റെ ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പറഞ്ഞു.അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചു നിന്ന സമയമായതിനാല്‍ ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ വിമാനത്തെ ആക്രമിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് ഇറാന്‍ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നത്.

ഇറാന്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെയോടെയാണ് വിമാനപകടം അബദ്ധത്തില്‍ ഉണ്ടായതാണെന്ന കുറ്റസമ്മതം ഇറാന്‍ നടത്തിയത്. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഇറാന്‍ സൈന്യമാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ തങ്ങളുടെ കൈയ്യബദ്ധത്തിന് മാപ്പ് ചോദിച്ചു കൊണ്ട് ഇറാന്‍ വിദേശകാര്യമന്ത്രിയും ട്വിറ്ററിലൂടെ രംഗത്ത് എത്തി.ഇറാനാണ് യുക്രൈന്‍ വിമാനത്തിന് മേല്‍ മിസൈല്‍ പതിച്ചതെന്ന് അമേരിക്കയും കാനഡയും യകെയും അടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.

വിമാനം ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യുഎസ് മാധ്യമങ്ങള്‍ ആരോപിച്ചിരുന്നത്. രണ്ട് മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്നായിരുന്നു യുഎസ് മാധ്യങ്ങള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ വിമാനം പറന്നുയര്‍ന്ന ഉടനെ ചില സാങ്കേതിക തകരാര്‍ ഉണ്ടായെന്നും തുടര്‍ന്ന് തീപിടിച്ച് വീഴുകയായിരുന്നുവെന്നുമാണ് ഇറാന്‍ ആദ്യം വിശദീകരിച്ചത്. അപകടസ്ഥലത്ത് നിന്നും വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അതിലെ വിവരങ്ങള്‍ അമേരിക്കയ്ക്ക് കൈമാറാന്‍ ഇറാന്‍ തയ്യാറായിരുന്നില്ല. ഇതും ആഗോളതലത്തില്‍ സംശയത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ കുറ്റസമ്മതവുമായി രംഗത്തെത്തിയിരിക്കുന്നത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here