gnn24x7

ഇറാനില്‍ 11-ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു

0
209
gnn24x7

തെഹ്‌രാന്‍: ഇറാനില്‍ 11-ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 290 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ ആകാംക്ഷയേറെയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പലവിധ രാഷട്രീയ നാടകങ്ങളും ഇറാനില്‍ അരങ്ങേറിയതാണ് ഇതിന് കാരണം.

ഇറാനിയന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖംനേഈ വെള്ളിയാഴ്ച രാവിലെ തെഹ്രാനില്‍ വോട്ട് രേഖപ്പെടുത്തിയാണ് വോട്ടെടുപ്പിന് തുടക്കമായത്.

5 കോടി 80 ലക്ഷത്തോളം പേരാണ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. 250 ഓളം രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളാണ് മത്സര രംഗത്തുള്ളത്. 7000ത്തോളം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ 666 പേര്‍ സ്ത്രീകളാണ്. ഇറാനിലെ പള്ളികളിലായി 55,000 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.

മജ്‌ലിസ് എന്നറിയപ്പെടുന്ന ഇറാനിയന്‍ പാര്‍ലമെന്റാണ് രാജ്യത്ത് ബജറ്റ് അനുമതി നല്‍കുന്നതും നിയമവ്യവസ്ഥകള്‍ പാസാക്കുന്നതും.
രാജ്യത്തെ സാമ്പത്തിക രംഗത്തും ആഭ്യന്തര വിഷയങ്ങളിലുമാണ് പാര്‍ലമെന്റിന് ഇടപെടാന്‍ പൂര്‍ണ അധികാരമുള്ളത്. അന്താരാഷ്ട്ര വിഷയങ്ങളില്‍ പാര്‍ലമെന്റിന് പരിമിതമായേ ഇടപെടാന്‍ പറ്റൂ.

പാര്‍ലമെന്റ് പുറപ്പെടുവിക്കുന്ന നിയമ നിര്‍മാണത്തിന് പിന്നീട് ഗാര്‍ഡിയന്‍ കൗണ്‍സിലും പ്രസിഡന്റും അംഗീകാരം നല്‍കണം. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലൂടെ വ്യക്തമാവും.

പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷമായ റിഫോര്‍മിസ്റ്റ് പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം.

പാര്‍ലമെന്റിലെ അഞ്ചു സീറ്റുകള്‍ ഇറാനിലെ മതന്യൂന പക്ഷങ്ങള്‍ക്ക് സംവരണം ചെയ്തതാണ്. ഇറാനിയന്‍ പൗരന്‍മാരായ ജൂതര്‍, അര്‍മേനിയന്‍ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ (Armenian Christians), സൊരൊസ്ട്രിയന്‍സ് (Zoroastrians), ചല്‍ദീന്‍ ക്രിസ്ത്യന്‍സ് (Chaldean Christians), അസിറിയന്‍സ് (Assyrians) എന്നീ മത ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കാനാണ് ഈ അഞ്ച് സീറ്റുകള്‍.

2016 ല്‍ പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷം നേടിയ ഹസ്സന്‍ റുഹാനിയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മുന്നില്‍ ഇത്തവണ കടമ്പകളേറെയാണ്. ജനുവരിയില്‍ യു.എസ് ആക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. എന്നാല്‍ ഖാസിം സുലൈമാനിയുടെ വധത്തോടെ ഉയര്‍ന്നു വന്ന ദേശീയ വികാരം വോട്ടാക്കി മാറ്റാന്‍ ഹസ്സന്‍ റൂഹാനിക്ക് ഇത്തവണ സാധിക്കണമെന്നില്ല.

സുലൈമാനിയുടെ കൊല്ലപ്പെടലിനു ശേഷം ഉണ്ഠായ യു.എസ് ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഉക്രൈന്‍ വിമാനം തകര്‍ന്നു വീണ് തെഹ്രാനില്‍ വെച്ച് 176 പേര്‍ കൊല്ലപ്പെട്ട സംഭവമാണ് ഇതിന് കാരണം. ഇറാന്‍ അബദ്ധവശാല്‍ നടത്തിയ ആക്രമണം എന്ന് സമ്മതിച്ച ഈ ആക്രമണത്തില്‍ ജനരോഷം ശക്തമായിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും ഇറാനിലും കാനഡയിലുമായി ഇരട്ട പൗരത്വം ഉള്ളവരായിരുന്നു.

മറ്റൊന്ന് 2018 ല്‍ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയ ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണിത്. അതിനു ശേഷം അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ വ്യാപാര വിലക്കുകളും മറ്റും ഇറാനിയന്‍ ജനതയെ സാമ്പത്തികമായി ഞെരുക്കിയിട്ടുണ്ട്.

പിന്നീട് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇറാനില്‍ എണ്ണ വില വര്‍ധനവിനെതിരായി നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍. ഇറാനില്‍ ഇന്ധനവില 50 ശതമാനം വര്‍ധിപ്പിച്ചതായും നിലവില്‍ ഇന്ധനവിതരണത്തില്‍ ലഭിക്കുന്ന സബ്‌സിഡികള്‍ എടുത്തുകളയുന്നതായും ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെയാണ് പ്രക്ഷോഭം നടന്നത്. പ്രക്ഷോഭകരെ ഇറാനിയന്‍ സുരക്ഷാ സേന ക്രൂരമായി അടിച്ചമര്‍ത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇറാനിലെ 21 നഗരങ്ങളിലായി നടന്ന പ്രക്ഷോഭത്തിനു നേരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 106 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ആംനസ്റ്റിയുടെ കണക്കുകളില്‍ പറഞ്ഞിരുന്നത്. പ്രക്ഷോഭം തുടങ്ങി ആറു ദിവസം പിന്നിടുമ്പോഴാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചത്.

രാജ്യത്തിന്റെ ദേശീയ താല്‍പര്യങ്ങള്‍ക്കൊപ്പമാണെങ്കില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാവുക എന്നാണ് ഖംനേഈ വോട്ട് ചെയ്ത ശേഷം പറഞ്ഞത്.
രാജ്യത്തിന്റെ പൊതുവികാരത്തിനൊപ്പം നില്‍ക്കുന്നതില്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പരാജയപ്പെട്ടോ എന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here