gnn24x7

ഗാസാ മേഖലയില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന കൊവിഡ് പരിശോധന നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് പ്രതിരോധമന്ത്രി

0
196
gnn24x7

തെല്‍ അവിവ്: ഇസ്രഈല്‍ ഉപരോധമുള്ള ഗാസാ മേഖലയില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന കൊവിഡ് പരിശോധന നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് പ്രതിരോധമന്ത്രി നഫ്റ്റാലി ബെന്നറ്റ്. ഇസ്രഈല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രഈല്‍ സൈന്യവും പ്രതിരോധ മന്ത്രാലയവും തമ്മില്‍ പരിശോധനാ പദ്ധതിയെ സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പമാണ് തീരുമാനത്തിനു പിന്നിലെന്നാണ് സൂചന.

ഇസ്രഈല്‍ സൈന്യത്തിന്റെ ഈ പദ്ധതിയെ സംബന്ധിച്ച് പ്രതിരോധ മന്ത്രിക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ദിവസമാണ് ഗാസയില്‍ ഓരോ ദിവസവും 50 കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്ന പദ്ധതിക്ക് ഇസ്രഈല്‍ സൈന്യം തുടക്കമിട്ടത്. എന്നാല്‍ രണ്ടു ദിവസമേ പരിശോധന നടന്നിട്ടുള്ളൂ.

ഗാസയില്‍ കൊവിഡ് വ്യാപിച്ചാല്‍ അത് ഇസ്രഈലിനും അപകടമാണെന്ന് നേരത്തെ ഇവിടത്തെ മാധ്യമങ്ങളും അധികൃതരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസ ഇസ്രഈലിന്റെ തെക്കു ഭാഗത്തോട് ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇസ്രഈല്‍ പൗരന്‍മാര്‍ക്കും കൊവിഡ് പിടിപെടുമെന്നായിരുന്നു മുന്നറിയിപ്പ്.

ഇസ്രഈല്‍ ഉപരോധമുള്ള ഗാസ മേഖലയില്‍ കൊവിഡ് പരിശോധനാ കിറ്റുകളടക്കം സുരക്ഷാ സാമഗ്രികള്‍ ആവശ്യമാണെന്ന് ഫലസ്തീന്‍ അധികൃതര്‍ അന്താരാഷട്ര സംഘടനകളോട് വ്യക്തമാക്കിയിരുന്നു.

വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്‍പ്പെടെ ഫലസ്തീനില്‍ 335 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. മതിയായ കൊവിഡ് പരിശോധനകള്‍ ഇവിടെ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗാസയില്‍ കൊവിഡ് പ്രതിരോധത്തിനാവശ്യമായ സുരക്ഷാ സജ്ജീകരണങ്ങളുടെ അപര്യാപ്തത രൂക്ഷമാണ്. 20 ലക്ഷത്തോളം ജനസംഖ്യയുള്ള മേഖലയില്‍ 87 വെന്റിലേറ്ററുകളും 70 തീവ്രപരിചരണ ബെഡുകളുമാണുള്ളത്. വെസ്റ്റ് ബാങ്കില്‍ 276 വെന്റിലേറ്ററുകളാണുള്ളത്. എന്നാല്‍ നിലവില്‍ ഇവയില്‍ 90 ശതമാനവും ഉപയോഗത്തിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here