gnn24x7

കുല്‍ഭൂഷണ്‍ ജാദവിന്റെ കേസിന്റെ വിചാരണ സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടി വെച്ച് ഇസ്ലാമാബാദ് ഹൈക്കോടതി

0
163
gnn24x7

ഇസ്ലാമാബാദ്: പാകിസ്താനില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസിന്റെ വിചാരണ സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടി വെച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. കുല്‍ഭൂഷണിന്റെ വധശിക്ഷയ്‌ക്കെതിരെ ഒരു അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യക്ക് അവസരം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടല്‍. ജാദവിനായി അഭിഭാഷകനെ നിയമിക്കാനുള്ള അധികാരം ഇന്ത്യക്ക് നല്‍കണമെന്ന് കോടതി പറയുന്നുണ്ട്.

അതേ സമയം അറ്റോര്‍ണി ജനറല്‍ ഖാലിദ് ജാവേദ് ഖാന്‍ കോടതി വിധിക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞതു പ്രകാരം പാകിസ്താനില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെയാണ് ഇന്ത്യക്ക് ജാവേദിനായി നിയമിക്കാന്‍ പറ്റുക. ഇന്ത്യന്‍ അഭിഭാഷകനെ നിയമിക്കാന്‍ പറ്റില്ല.

ജാദവിനു വേണ്ടി അഭിഭാഷകനെ നിയമിക്കാന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ജൂലൈ 22 നാണ് ജാദവിന് നിയമ സഹായം നല്‍കാനായി അഭിഭാഷകനെ നിയമിക്കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തിയിരുന്നില്ല.

ജൂലൈയില്‍ അന്താരാഷ്ട്ര കോടതിയുടെ റിവ്യൂ ആന്റ് റി കണ്‍സിഡറേഷന്‍ ഓര്‍ഡിനന്‍സ് പാകിസ്താന്‍ സര്‍ക്കാര്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് ജാദവിന് അഭിഭാഷകനെ നിയമിക്കാനായി കോടതിയെ സമീപിച്ചത്. ഈ ഓര്‍ഡിനന്‍സ് പ്രകാരം പാക് പട്ടാള കോടതി വധശിക്ഷ ലഭിക്കുന്നവര്‍ക്ക് 60 ദിവസത്തിനകം ഹൈക്കോടതിയെ സമീപിക്കാം.

കോണ്‍സുലര്‍ സേവനവും അപ്പീല്‍ അവസരവും ലഭ്യമാവുന്നില്ലെന്നാരോപിച്ച് ഇന്ത്യയാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് പുനപരിശോധന സൗകര്യം നല്‍കണമെന്ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത്.

റിട്ടേര്‍ഡ് ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ സൈനിക കോടതി 2017 ഏപ്രിലില്‍ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ചാരവൃത്തി, ഭീകരവാദം എന്നിവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

2016 മാര്‍ച്ച് മൂന്നിനാണ് ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് ജാദവിനെ പാക്‌സേന അറസ്റ്റ് ചെയ്തത്. നാവിക സേനയില്‍ നിന്നും വിരമിച്ച കുല്‍ഭൂഷണ്‍ യാദവ് ഇറാനില്‍ ബിസിനസ് ആവശ്യത്തിന് പോയിടത്തു നിന്നും തട്ടിക്കൊണ്ടു പോവുകയായായിരുന്നെന്നാണ് ഇന്ത്യ പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here