gnn24x7

കൊവിഡ്-19; ലോകത്തിലെ ഏറ്റവും ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ നിന്ന് സിംഗപ്പൂരും പാരീസും പുറത്തേക്ക്

0
224
gnn24x7

കൊവിഡ്-19 ലോക വ്യാപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആഗോളതലത്തില്‍ ഏറ്റവും ജീവിതച്ചെലവേറിയ സാമ്പത്തിക നഗരങ്ങളായി അറിയപ്പെടുന്ന നഗരങ്ങള്‍ക്ക് തങ്ങളുടെ വിശേഷണങ്ങള്‍ നഷ്ടമാവാന്‍ സാധ്യത. സിംഗപ്പൂര്‍, ഹോംങ് കോങ്, പാരീസ് എന്നീ നഗരങ്ങളാണ് നിലവില്‍ ഏറ്റവും ചെലവേറിയ നഗരങ്ങളായി ലോകത്ത് അറിയപ്പെടുന്നത്. ടൂറിസം ആണ് ഈ നഗരങ്ങളുടെയൊക്കെ പ്രധാന വരുമാന സ്രോതസ്സ്. എന്നാല്‍ കൊവിഡ്-19 നിന്റെ പശ്ചാത്തലത്തില്‍ ടൂറിസം മേഖല പാടേ തകര്‍ന്ന സാഹചര്യത്തില്‍ ഈ നഗരങ്ങളെ ഇത് കാര്യമായി ബാധിക്കും.

ആഗോളതലത്തില്‍ ജനങ്ങളുടെ ജീവിതച്ചെലവിനെക്കുറിച്ച് വിവരശേഖരണം നടത്തുന്ന എക്കണോമിക്‌സ് ഇന്റലിജന്‍സ് യൂണിറ്റ് (ഇ.ഐ.യു) ആണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 2019 നവംബറില്‍ നടത്തിയ ജീവിതച്ചെലവിന്റെ സര്‍വേ ഫലത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് എന്നാണ് ഇവര്‍ പറയുന്നത്.

‘ടൂറിസത്തെ ആശ്രയിക്കുന്ന നഗരങ്ങളുടെ മൂല്യത്തിന് ഇടിവ് വരും. അതിനാല്‍ സിംഗപ്പൂരും ഹോങ് കോങും പട്ടികയുടെ മുന്‍നിരയില്‍ നിന്ന് പുറത്തായേക്കും. മറ്റൊരു നഗരത്തെയായിരിക്കും മുന്‍നിരയില്‍ കാണുക,’ ഇ.ഐ.യു ചീഫ് എക്കണോമിസ്റ്റായ സൈമണ്‍ ബാപിസ്റ്റ് ബി.ബി.സിയോട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും ജീവിതച്ചെലവേറിയ മൂന്ന് നഗരങ്ങളാണ് ഹോങ് കോങ്, പാരിസ്, സിംഗപ്പൂര്‍ എന്നിവ.

ഇതില്‍ പാരീസ് ഈ പട്ടികയില്‍ നിന്നും പുറത്താവുകയും പകരം പകരം ജപ്പാന്‍ നഗരമായ ഒസാക്ക ഈ സ്ഥാനത്തെത്താനുമുള്ള സാധ്യത ഇ.ഐ.യു കാണുന്നുണ്ട്. യൂറോപ്പില്‍ വ്യാപകമായി കൊവിഡ് പടര്‍ന്നതിനാലാണ് ഇത്തരത്തിലൊരു മാറ്റത്തിനുള്ള സാധ്യത തെളിയുന്നത്.

കൊവിഡ്-19 ലോക വ്യാപകമായ പടര്‍ന്നതിനാല്‍ മിക്ക രാജ്യങ്ങളും പരസ്പരം യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ആഗോള തലത്തില്‍ ഏറ്റവുമധികം ബാധിക്കുക ടൂറിസം മേഖലയെയും വിമാനകമ്പമനികളെയുമായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here