gnn24x7

കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണ്ണായക വിധിയുമായി കേരള ഹൈക്കോടതി

0
221
gnn24x7

കൊച്ചി: കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണ്ണായക വിധിയുമായി കേരള ഹൈക്കോടതി. അൻപത് വയസ് കഴിഞ്ഞ സത്രീകൾക്കും 55വയസ് പിന്നിട്ട പുരുഷനും ചികിത്സ നിഷേധിക്കുന്ന ചട്ടത്തിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്ന സമയം ചികിത്സ തുടങ്ങിയവർക്ക് ചികിത്സ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി

കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ആർടി ബിൽ 2021 അവസാനമാണ് പാർലമെൻറ് പാസാക്കിയത്. ഇത് നിയമമായതോടെ പ്രതിസന്ധിയിലായത് പ്രായമേറിയ ദമ്പതികളാണ്. 50വയസ് തികഞ്ഞ സ്ത്രീകൾക്കും 55 വയസ് തികഞ്ഞ പുരുഷൻമാർക്കും ഇതിലെ 21ജി ചട്ടം ചികിത്സാ അവകാശങ്ങൾ നിഷേധിക്കുന്നു. നിയമം പ്രാബല്യത്തിൽ വന്ന സമയം ചികിത്സ നടത്തുന്നവർക്കും ഈ ചട്ടങ്ങൾ ബാധകമായി. ഇതിനെതിരെ 30 ദമ്പതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ 28 ഹർജികൾ ഒരുമിച്ച് പരിഗണിച്ചാണ് ജസ്റ്റിസ് വിജി അരുണിൻറെ വിധി. നിയമം പ്രാബല്യത്തിലായ ജനുവരി മാസം ചികിത്സയിലുണ്ടായിരുന്നവർക്കാണ് ഇളവ്. 

പുതുതായി ചികിത്സ തേടാൻ ആഗ്രഹിക്കുന്ന പ്രായപരിധി പിന്നിട്ടവർക്ക് വേണ്ടിയും ഹൈക്കോടതി സിംഗിൾ ബഞ്ച് ഇടപെട്ടു. ഉയർന്ന പ്രായപരിധി സംബന്ധിച്ച് പുനപരിശോധന നടത്തുന്നതിനായി നാഷണൽ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി ആൻറ് സറോഗസി ബോർഡ് കേന്ദ്രസർക്കാരിനെ സമീപിക്കണം. ഇതിലെ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ ബോർഡ് ഹൈക്കോടതിയെ അറിയിക്കണമെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു.

കൃത്രിമ ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞിന് പ്രായപൂ‍ർത്തിയാകുമ്പോൾ മാതാപിതാക്കളുടെ പ്രായം കൂടി കണക്കുകൂട്ടിയാണ് സ്ത്രീകൾക്ക് 50ഉം പുരുഷൻമാർക്ക് 55മായി പ്രായപരിധി ചുരുക്കിയത്. എന്നാൽ 48വയസായ സ്ത്രീകൾക്ക് ഭർത്താവിന് 55ആയെങ്കിലോ 53വയസുള്ള പുരുഷന് ഭാര്യക്ക് 50 ആയെങ്കിലോ പോലും ചികിത്സ നിഷേധിക്കപ്പെടുന്നതിനും ഈ ചട്ടങ്ങൾ കാരണമായി. ഹൈക്കോടതി ഇടപെടലിൽ കേന്ദ്രസർക്കാരിൻറെ നിലപാടാണ് ഇനി പ്രധാനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here