gnn24x7

കൊറോണ വൈറസ്; കേരളത്തില്‍ വിവിധ ജില്ലകളിലായി 2826 പേര്‍ നിരീക്ഷണത്തില്‍

0
228
gnn24x7

തിരുവനന്തപുരം: കേരളത്തില്‍ വിവിധ ജില്ലകളിലായി കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ 2826 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

ഇവരില്‍ 2743 പേര്‍ വീടുകളിലും 83 പേര്‍ ആശുപത്രികളിലും  നിരീക്ഷണത്തിലാണെന്ന്‍ മന്ത്രി പറഞ്ഞു. സംശയാസ്പദമായവരുടെ 263 സാമ്പിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജിയില്‍ (NIV) യില്‍  പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതില്‍ 229 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് രോഗബാധ സംശയിക്കുന്നവരുടെ തുടര്‍ചികില്‍സയ്ക്കായി സജ്ജമാക്കിയിട്ടുളള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കൊറോണ വൈറസ് ബാധ നിയന്ത്രണത്തിനായി ആരോഗ്യ വകുപ്പിനെ സുസജ്ജമാക്കുന്നത്തിന് ട്രെയിനിംഗ് ഡിവിഷന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 

ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരോടൊപ്പം ഇതര വകുപ്പുകളിലെ ജീവനക്കാരേയും സ്വകാര്യ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരേയും പരിശീലിപ്പിക്കുന്നു.

തുടര്‍ പരിശീലനങ്ങളിലൂടെ കൊറോണയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയാണ് ഈ പരിശീലന പരിപാടികളുടെ ആത്യന്തിക ലക്ഷ്യം.

എല്ലാ ജില്ലകളിലേയും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ മതിയായ ഭൗതിക സാഹചര്യങ്ങളും പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്. 

കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 191 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

2173 ടെലിഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇത് വരെ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here