കൊച്ചി: ചൈനയില്‍നിന്ന് പനിയോടെ കേരളത്തിലേക്ക് മടങ്ങിയെത്തിയ ഒരാള്‍ കൂടി നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ചൈനയില്‍നിന്നെത്തിയ വിദ്യാര്‍ഥിയെയാണ് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതോടെ എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൂന്നായി. പെരുമ്പാവൂര്‍, ചങ്ങാനാശേരി സ്വദേശികളാണ് എറണാകുളം മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ളത്. കോട്ടയം, മലപ്പുറം സ്വദേശികളായ രണ്ടുപേര്‍കൂടി ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. പൂന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പരിശോധനാഫലം വരുന്നതുവരെ ഇവര്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ തുടരും.
പനിയില്ലെങ്കിലും ചൈനയില്‍നിന്ന് അടുത്ത ദിവസങ്ങളില്‍ മടങ്ങിയെത്തിയ എല്ലാവരും 28 ദിവസം നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് 11 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ലോകമാകമാനം ഇതുവരെ ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 800 പേരും ചൈനയില്‍നിന്നുള്ളവരാണ്. തായ്ലന്‍ഡ്, സിംഗപ്പൂര്‍, തായ്വാന്‍, ജപ്പാന്‍, വിയറ്റ്‌നാം, ദക്ഷികൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളിലും രോഗസാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.