തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം അനുവദിക്കാവുന്നതാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്.
നിയമസഭാ ചട്ടം 130 പ്രകാരം നപടിക്രമം പാലിച്ചാവും തുടര്‍നടപടിയെന്നും അദ്ദേഹം പറഞ്ഞു.
പ്രമേയം ചട്ടപ്രകാരമാണോയെന്നു മാത്രമാണ് പരിശോധിച്ചതെന്നും ഉള്ളടക്കം തന്റെ വിഷയമല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘പ്രമേയം അനുവദിക്കുന്നതിന് സര്‍ക്കാരിന്റേയും കാര്യോപദേശകസമിതിയുടേയും അഭിപ്രായംതേടും. പ്രമേയം ചട്ടപ്രകാരമാണോ എന്നു മാത്രമാണ് സ്പീക്കര്‍ നോക്കേണ്ടത്. അതിന്റെ ഉള്ളടക്കം തന്റെ വിഷയമല്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയത് ചട്ടപ്രകാരമാണ്. അങ്ങനെ പ്രമേയം പാസാക്കാനുള്ള അവകാശം സഭയ്ക്കുണ്ട്’, അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ നയം രൂപപ്പെടുത്തേണ്ടത് മന്ത്രിസഭയാണ്. അതു ജനങ്ങളെ അറിയിക്കേണ്ട ഭരണഘടനാപരമായ ബാധ്യത മാത്രമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വ്യക്തത തേടിയിരുന്നു. പരാമര്‍ശങ്ങള്‍ നീക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചിട്ടുള്ളത്. മന്ത്രിസഭ അംഗീകരിക്കുന്നതെന്തോ അതാണ് സംസ്ഥാനത്തിന്റെ നയം. അതു സഭയെയും ജനങ്ങളെയും അറിയിക്കുക എന്ന ഭരണഘടനാപരമായ ബാധ്യതയാണ് ഗവര്‍ണര്‍ക്കുള്ളത്. അത് അദ്ദേഹം നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ പറഞ്ഞു.
പൗരത്വ നിയമഭേദഗതിയിലുൾപ്പടെയുളള വിഷയങ്ങളിൽ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭയിലവതരിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. പ്രമേയത്തിന് സർക്കാർ പിന്തുണ നൽകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിപക്ഷ നീക്കത്തെ അനുകൂലിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. പ്രമേയം പാസായാൽ സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധിയുണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.