ആലപ്പുഴ : വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തിൽ നിയമംലംഘിച്ചു നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി. റിസോർട്ടിന്റെ തെക്കുവശം പുറമ്പോക്കുഭൂമിയാണെന്നു കണ്ടെത്തിയ സ്ഥലത്തെ രണ്ടു വില്ലകളാണു ആദ്യം പൊളിക്കുന്നത്. തീരപരിപാലന നിയമംലംഘിച്ച് നിർമിച്ചതെന്നു കണ്ടെത്തിയതിനെത്തുടർന്നാണു റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.
റിസോർട്ട് നടത്തിപ്പുകാരുടെ ചെലവിലാണ് പൊളിക്കൽ. പരിസ്ഥിതിക്കും മത്സ്യബന്ധനത്തിനും ദോഷകരമാകാത്തവിധം കെട്ടിടാവശിഷ്ടങ്ങൾ മാറ്റുമെന്നു നടത്തിപ്പുകാർ ജില്ലാഭരണകൂടത്തിനുറപ്പു കൊടുത്തിട്ടുണ്ട്. നടപടികൾക്ക് കളക്ടർ വി.ആർ. കൃഷ്ണതേജ, നോഡൽ ഓഫീസറും സബ് കളക്ടറുമായ സൂരജ് ഷാജി, പാണാവള്ളി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, തഹസിൽദാർ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
ഘട്ടംഘട്ടമായി ആറുമാസത്തിനുള്ളിൽ പൊളിക്കൽ പൂർത്തിയാക്കാനാണു തീരുമാനം. റിസോർട്ട് നിർമിക്കാൻ കൈയേറിയതായി കണ്ടെത്തിയ 2.9397 ഹെക്ടർ സ്ഥലം കഴിഞ്ഞദിവസം കളക്ടർ സർക്കാരിലേക്കേറ്റെടുത്തിരുന്നു.പട്ടയമുള്ള സ്ഥലം റിസോർട്ട്ഉടമകൾക്കുള്ളതാണെന്നുവ്യക്തമാക്കിയിട്ടുണ്ട്. ആകെയുള്ളത് 7.0212 ഹെക്ടർ സ്ഥലമാണ്.










































