gnn24x7

തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമനിർമാണത്തിന് സർക്കാർ

0
142
gnn24x7

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമനിർമാണത്തിന് സർക്കാർ. ഇതിനുള്ള ഓർഡിനൻസിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകും.  നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയവുംഒരു മണിക്കൂർ ദീർഘിപ്പിക്കും.കോവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നത്.

നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് തപാൽ വോട്ട്.

ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.  കിടപ്പു രോഗികൾക്കും  കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കും തപാൽ വോട്ടിന് അവസരമുണ്ടാകും. ഇതിനായി പഞ്ചായത്ത് – മുൻസപ്പൽ നിയമത്തിൽ  ഭേദഗതി വരുത്താനാണ് ഓർഡിനൻസ്.  തപാൽ,പ്രോക്സി വോട്ടുകളുടെ സാധ്യത പരിശോധിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ  സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പ്രോക്സി വോട്ടിനോട് സിപിഎമ്മിന് താത്പര്യമില്ല. പ്രോക്സി വോട്ട് ക്രമക്കേടുകൾക്ക് വഴിവയ്ക്കുമെന്നാണ് സിപിഎമ്മിൻ്റെ അഭിപ്രായം. യുഡിഎഫ് ആകട്ടേ തപാൽ വോട്ടിനേയും എതിർക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിക്കുന്ന സർവകക്ഷിയോഗത്തിൽ  യുഡിഎഫ് ഇക്കാര്യം അറിയിക്കും.  തപാൽ വോട്ടുമായി സർക്കാർ മുന്നോട്ടു പോയാൽ നിയമ നടപടികൾക്കും  യുഡിഎഫിൽ ആലോചനയുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള വോട്ടെടുപ്പിൽ എല്ലാവർക്കും അവസരം ലഭിക്കണമെങ്കിൽ  വോട്ടെടുപ്പ് സമയം നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ്  വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനം എടുക്കുന്നത്.

നിലവിൽ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഇത് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുമണി വരെയാക്കും. ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ ആലോചിക്കുന്നത്.  തെരഞ്ഞെടുപ്പ് പ്രചരണ രീതികളിലും കോവിഡ് സാഹചര്യത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here