gnn24x7

ഗോവയിലെ റിസോർട്ടിൽ മലയാളി പെൺകുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹത; കൊലപാതകമെന്ന് മാതാവും കുടുംബവും

0
215
gnn24x7

കാസർഗോഡ്: ഗോവയിലെ റിസോർട്ടിൽ മലയാളി പെൺകുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു. കാസർഗോഡ് നീലേശ്വരം സ്വദേശിനിയായ ബിരുദ വിദ്യാർഥിനി അഞ്ജന ഹരീഷിനെയാണ്‌ റിസോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് മാതാവും കുടുംബവും ആരോപിക്കുന്നത്.

തലശേരി ബ്രണ്ണൻ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു അഞ്ജന. വീട്ടുകാരുമായി അകന്ന് നിൽക്കുകയായിരുന്ന അഞ്ജന കോഴിക്കോട്ടെ ഫെമിനിസ്റ്റ് കൂട്ടായ്മയിലെ പ്രവർത്തകർക്കൊപ്പമായിരുന്നു താമസം. രണ്ട് മാസം മുമ്പാണ് കോഴിക്കോടുള്ള യുവതിയെ ലീഗൽ കസ്റ്റോഡിയൻ ആയി പരിഗണിച്ച് ഹൊസ്ദുർഗ് കോടതി ഇവർക്കൊപ്പം വിട്ടത്. ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിലടക്കം അഞ്ജന ചിന്നു സുൽഫിക്കർ എന്ന് പേരു മാറ്റുകയും ചെയ്തിരുന്നു.

ലോക്ക്ഡൗണിന് മുമ്പ് ഗോവയിലേക്ക് കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയതായിരുന്നു അഞ്ജന. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മടങ്ങിവരാനാവാതെ അവിടെ കുടുങ്ങി. മെയ് 13നാണ് അഞ്ജനയെ മരിച്ച നിലയിൽ കണ്ടത്. ഗോവ പൊലീസാണ് അഞ്ജന ആത്മഹത്യ ചെയ്ത വിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, മകളുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി അമ്മ മിനി ന്യൂസ് 18നോട് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനാണ് ഇവരുടെ തീരുമാനം.

നാലുമാസം മുമ്പ് മകളെ കാണാനില്ലെന്ന് കാണിച്ച് അമ്മ മിനി പരാതി നൽകിയിരുന്നു. കോഴിക്കോട് കണ്ടെത്തിയ അഞ്ജനയെ മാതാവിനൊപ്പം വിട്ടു. പിന്നീട് കോയമ്പത്തൂരിൽ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ അഞ്ജന മാർച്ച് ആദ്യം കോളേജിൽ പോയിരുന്നു. തിരിച്ചു വരാത്തതിനെ തുടർന്ന് അമ്മ മിനി വീണ്ടും പൊലീസിൽ പരാതി നൽകി. എന്നാൽ, അഞ്ജനയുടെ താൽപ്പര്യപ്രകാരം ലീഗൽ കസ്റ്റോഡിയനൊപ്പം വിടുകയായിരുനു. പിന്നീടാണ് മൂന്ന് കൂട്ടുകാർക്കൊപ്പം ഗോവയിൽ പോയതും ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടതും. അതേസമയം ഗോവയിൽ വെച്ച് അഞ്ജന പീഡനത്തിന് ഇരയായെന്ന വിവരവും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here