gnn24x7

അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ പർവതനിരകൾ ചുവപ്പിൽനിന്നു പച്ചയിലേക്കു മാറി; ആശങ്ക വേണം, മുന്നറിയിപ്പുമായി ഗവേഷകർ

0
199
gnn24x7

അന്റാർട്ടിക്കിലെ ‘രക്തം നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ’ രഹസ്യം ഒരു നൂറ്റാണ്ടു കാലത്തോളം ഗവേഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. ടെയ്‌ലർ ഹിമാനി എന്നറിയപ്പെടുന്ന മേഖലയിലായിരുന്നു ചോരയുടെ നിറത്തിൽ വെള്ളം ഒലിച്ചിറങ്ങുന്നതായി 1911ൽ കണ്ടെത്തിയത്. 2017വരെ കാത്തിരിക്കേണ്ടി വന്നു അതൊരു ആൽഗെയുടെ പണിയാണെന്നു തിരിച്ചറിയാൻ. ചുവപ്പിൽനിന്നു പച്ചയിലേക്കു മാറിയിരിക്കുകയാണിപ്പോൾ അന്റാർട്ടിക്കിലെ പുതിയ ചർച്ചകൾ. കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ അടയാളമായി വൈകാതെതന്നെ അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ പർവതനിരകൾ പച്ചപുതയ്ക്കുമെന്നാണു ഗവേഷകരുടെ നിഗമനം.

ഗവേഷണത്തിന്റെ ഭാഗമായി കേംബ്രിജ് സർവകലാശാലയിലെ സസ്യശാസ്ത്രജ്ഞർ ഇതാദ്യമായി അന്റാർട്ടിക് തീരത്തെ പച്ചപുതപ്പിച്ച ആൽഗെകളുടെ ഒരു മാപ്പും തയാറാക്കി. സാറ്റലൈറ്റ് ഡേറ്റയാണ് ഇതിനു പ്രധാനമായും സഹായിച്ചത്. ഒപ്പം കഴിഞ്ഞ രണ്ടു വേനൽക്കാലത്ത് (നവംബർ–ഫെബ്രുവരി) ദക്ഷിണ ധ്രുവത്തിൽ ചെലവിട്ട ഗവേഷകർ കണ്ടെത്തിയ കാര്യങ്ങളും ചേർത്തു. ദക്ഷിണ ധ്രുവത്തിലെ ഗ്രീൻ ആൽഗെകളുടെ സാന്നിധ്യമായിരുന്നു അവർ അന്നു വിശദമായി പഠിച്ചത്. ഓരോ ആൽഗെയും മൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാൻ പറ്റുകയുള്ളൂവെന്നത് സത്യം. പക്ഷേ അവ ഒരുമിച്ചുവളർന്നാൽ അന്റാർട്ടിക്കിനെയാകെ പച്ച പുതപ്പിക്കാനാകും. ആ കാഴ്ച ഒരുപക്ഷേ ബഹിരാകാശത്തുനിന്നു പോലും കാണാനാകും. അത്രയേറെ തിങ്ങിക്കൂടിയായിരിക്കും ആൽഗെയുടെ വളർച്ച!

എങ്ങനെയാണ് ഇതു സംഭവിക്കുന്നത്? അന്റാർട്ടിക്കിലെ പക്ഷികളുടെയും സസ്തനികളുടെയും വിസർജ്യമാണ് പ്രശ്നമാകുന്നത്. അതിൽത്തന്നെ ഏറ്റവും പ്രശ്നക്കാർ പെൻഗ്വിനുകളാണ്. ഓരോ പെൺഗ്വിൻ കോളനിയുടെയും അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് ആകെ കണ്ടെത്തിയതിൽ 60% ആൽഗെകളുടെ സാന്നിധ്യവും തിരിച്ചറിഞ്ഞത്. സീലുകൾ തീരത്ത് വിശ്രമിക്കുന്ന സ്ഥലത്തും ചിലയിനം പക്ഷികളുടെ കേന്ദ്രങ്ങളിലുമെല്ലാം ആൽഗെയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഈ പാവം മൃഗങ്ങളെ കുറ്റപ്പെടുത്താൻ വരട്ടെ. ഇവയുടെ വിസർജ്യത്തിൽനിന്നാണ് ആൽഗെയ്ക്കു വളരാനുള്ള പോഷണം ലഭിക്കുന്നതെങ്കിലും വളരാനുള്ള സൗകര്യമൊരുക്കുന്നത് മനുഷ്യനാണ്. അതായത് മനുഷ്യരുടെ വിവിധ പ്രവൃത്തികളാൽ ലോകത്ത് താപനില വർധിച്ചുകൊണ്ടിരിക്കുകയാണ്. അന്റാർട്ടിക്കിലും അതിന്റെ പ്രതിഫലനമുണ്ട്. ഒട്ടേറെ മഞ്ഞുമലകളാണ് ഉരുകിയൊലിച്ചു തുടങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ താപനില ഇനിയും കൂടിയാൽ ആൽഗെകളുടെ വളർച്ച ഇനിയും വർധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ഭാവിയിൽ അതെങ്ങനെയായിരിക്കുമെന്ന കണ്ടെത്തലാണ്, ഭൂപടം സഹിതം ഗവേഷകർ വ്യക്തമാക്കിയിരിക്കുന്നത്. ചൂടേറിയ മേഖലയിലാണിപ്പോൾ ആൽഗെകൾ വളർന്നിരിക്കുന്നതും. അതായത്, അന്റാർട്ടിക് പെനിൻസുല കേന്ദ്രീകരിച്ച്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വൻതോതിൽ താപനില വർധിച്ചുകൊണ്ടിരിക്കുന്ന മേഖലയായി രേഖപ്പെടുത്തിയതാണ് അന്റാർട്ടിക് പെനിൻസുലയെ. ഇതുവരെ ദക്ഷിണ ധ്രുവത്തിൽ 1679 പ്രദേശത്ത് ‘ആൽഗെ ബ്ലൂം മേഖലകൾ’ തിരിച്ചറിഞ്ഞിട്ടുണ്ട്. വേനൽക്കാലത്ത് ഈ പ്രദേശങ്ങളിൽ മഞ്ഞുരുക്കം കൂടാനുള്ള സാധ്യതകളുമുണ്ട്. അതോടെ പല മഞ്ഞുമലകളും ഇനിയും അന്റാർട്ടിക്കിൽനിന്ന് വിട്ടുമാറും. സമുദ്രജലനിരപ്പ് ഉയരുന്നതിലേക്കും മറ്റു പാരിസ്ഥിതിക ദുരന്തങ്ങളിലേക്കുമായിരിക്കും ഇതു നയിക്കുക. വിശദമായ പഠനം നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here