മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 തിന് തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
രാത്രി മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നുവെന്ന് റെവന്യൂ മന്ത്രി കെ. രാജൻ. 7.27 മീറ്ററായി കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ജലനിരപ്പ് തുടരുകയാണ്. രാത്രി 11 മണി മുതൽ ഒരു മണിവരെ 7.1 മീറ്റർ ആയിരുന്നത് 7.27 ആയി ഉയരുകയായിരുന്നു. അതേസമയം രാവിലെ എട്ട് മണിയോടെ മഴ ശക്തിപ്രാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ മഴയുടെ ശക്തി എത്രത്തോളം വർധിക്കുന്നുവെന്നത് ചാലക്കുടിപ്പുഴയെ സംബന്ധിച്ച് നിർണായകമാണ്.
പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് തുറന്ന് വിട്ടിരിക്കുന്ന വെള്ളത്തിന്റെ അളവ് 35,000 ക്യൂസെക്സ് ആയി തുടരുന്നു. ഇന്നലെ ഇത് 37,000 വരെ പോയിരുന്നു. വലിയ ആശങ്കയ്ക്കാണ് കഴിഞ്ഞ ദിവസം ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് വഴിവെച്ചത്. മഴ വർധിക്കാത്തത് ആശങ്കയൊഴിവാക്കുന്നു. ഇന്ന് 12 മണിയോടെ വരുന്ന കാലാവസ്ഥാ നിരീക്ഷണ മുന്നറിയിപ്പുകൾ കൂടി ആശ്രയിച്ചായിരിക്കും മറ്റ് കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.
ചാലക്കുടിയിൽ താലൂക്ക്അടിസ്ഥാനത്തിലും ഒപ്പം ജില്ലാഅടിസ്ഥാനത്തിലും ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ആളുകളെ മാറ്റി പാർപ്പിച്ചുതുടങ്ങിയിട്ടുണ്ട്. 2018-ലെ പ്രളയബാധിത പ്രദേശങ്ങളായ കൂടപ്പുഴ, പരിയാരം, അന്നമനട, പാറക്കടവ് എന്നിവിടങ്ങളിലും പുത്തൻവേലിക്കര പഞ്ചായത്തിലും ആളുകളെ ഒഴിപ്പിച്ചിരുന്നു.ചാലക്കുടിപ്പുഴയോരത്തുള്ളവരെ മാറ്റി പാർപ്പിച്ചതായി കളക്ടർ അറിയിച്ചിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്ന് രാവിലെ ഏഴ് മണിക്കുള്ള കണക്ക് പരിശോധിക്കുമ്പോൾ 137.05 അടിയാണ് ജലനിരപ്പ്. 137.50 അടിയാണ് ഓഗസ്റ്റ് അഞ്ച് വരെയുള്ള റൂൾ കർവിന്റെ അളവ്. ഏതെങ്കിലും കാരണവശാൽ വെള്ളം തുറന്നുവിടേണ്ട അവസ്ഥയുണ്ടായാൽ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലുണ്ടായിരുന്ന എൻഡിആർഎഫ് ടീമിനെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചിരിക്കുകയാണ്.










































