gnn24x7

അല്‍ ഖ്വയ്ദ സംഘടനയിലെ പത്തിലധികം പേരെ തിരിച്ചറിഞ്ഞതായി എൻ ഐ എ

0
136
gnn24x7

കൊച്ചി: ഇന്ത്യയില്‍ സ്ഫോടനം നടത്താൻ പദ്ധതിയിട്ട അല്‍ ഖ്വയ്ദ സംഘടനയിലെ പത്തിലധികം പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജൻസി. കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസനാണ് ഈ സംഘത്തിലെ പ്രധാനികളില്‍ ഒരാളെന്നും എൻഐഎ വ്യക്തമാക്കുന്നു. പ്രതികളെ ദില്ലിയിലേക്ക് കൊണ്ടുപോയി. അതേസമയം എറണാകുളം ജില്ലയില്‍ കേരളാ പൊലീസും അതിഥി തൊഴിലാളികള്‍ക്കിടയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരളത്തില്‍നിന്നും ബംഗാളില്‍നിന്നുമായി 9 പേരെയാണ് എൻഐഎ ഇന്നലെ പിടികൂടിയത്. ഈ സംഘത്തിലെ പ്രധാനിയാണ് കളമശ്ശേരിക്ക് സമീപത്തെ പാതാളത്തുനിന്ന് അറസ്റ്റിലായ മുര്‍ഷിദ് ഹസൻ. കൊച്ചി എൻഐഎ കോടതിയുടെ ട്രാൻസിറ്റ് വാറണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യവ്യാപകമായി സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഇതിനായി പണം കണ്ടെത്താനും കൂടുതല്‍ പേരെ അല്‍ ഖ്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്യാനും ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ കൊച്ചിയില്‍നിന്ന് ദില്ലിയിലേക്ക് കൊണ്ടുപോയി. മറ്റന്നാള്‍ പട്യാല കോടതിയില്‍ ഹാജരാക്കും.

കൂടുതല്‍ പേരെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന സൂചനയും ദേശീയ അന്വേഷണ ഏജൻസി നല്‍കുന്നു. ഈ സാഹചര്യത്തിലാണ് കേരളാ പൊലീസ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാപക പരിശോധന നടത്തുന്നത്. മുഴുവൻ തൊഴിലാളികളുടേയും വിവരം ശേഖരിക്കുകയാണ് ആദ്യ ഘട്ടം. ദില്ലിയിലേക്കും ബംഗാളിലേക്കും തുടര്‍ച്ചയായി യാത്ര ചെയ്തവരെയും കണ്ടെത്തും. റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്‍റെ നിര്‍ദ്ദേശപ്രകാരം പെരുമ്പാവൂർ, മൂവാറ്റുപുഴ, ആലുവ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുക.

നേരത്തെയും തൊഴിലാളികളുടെ വിവരം ശേഖരിക്കാനായി കേരളാ പൊലീസ് ഇറങ്ങിത്തിരിച്ചതാണ്. എന്നാല്‍ തൊഴില്‍ ഉടമകളുടെ നിസഹകരണം മൂലം പൂര്‍ണ്ണമായിരുന്നില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here