gnn24x7

സ്വര്‍ണ്ണക്കടത്ത് കേസ്; ബി.ജെ.പി നേതാക്കള്‍ ജനം ടി.വിയെ തള്ളിക്കളഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

0
138
gnn24x7

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷുമായി ജനം ടി.വിയിലെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്ന് വെളിപ്പെട്ടതോടെ ബി.ജെ.പി നേതാക്കള്‍ ചാനലിനെ തള്ളിക്കളഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

അന്വേഷണം അതിന്റേതായ വഴിയ്ക്ക് നീങ്ങട്ടെയെന്നും ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നത് എന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘അതിന്റെ ഭാഗമായി മറ്റൊരു ചിത്രം വരച്ചുകാട്ടാന്‍ ശ്രമിച്ചപ്പോഴാണ് അന്വേഷണം കൂടുതലായി നടക്കട്ടെ, അപ്പോള്‍ ആരുടേ നെഞ്ചിടിപ്പ് കൂടുമെന്ന് നോക്കാമെന്ന് പറഞ്ഞത്’

അന്വേഷണം നടക്കട്ടെ. പക്ഷെ അപ്പോഴേക്ക് തന്നെ ജനം ടി.വിയെ പോലൊരു ചാനലിനെ തന്നെ തള്ളിപ്പറയുന്ന നില എന്തുകാണ്ടാണ് സ്വീകരിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘അതൊരു കടന്നകൈയായി പോയി. നാടിന്റെ മുന്നില്‍ അങ്ങനെ സംസാരിച്ചവര്‍ പരിഹാസ്യരാകുന്ന നിലയാണല്ലോ ഉണ്ടാകുന്നത്. എല്ലാവര്‍ക്കും അറിയാല്ലോ വസ്തുത’, മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ജനം ടി.വിയുമായി ബി.ജെ.പിയ്ക്ക് ബന്ധമില്ലെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നതായി സ്വപ്ന സുരേഷ് മൊഴി നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വ്യാഴാഴ്ച സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേസില്‍ പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധം വെളിപ്പെട്ടതിന് പിന്നാലെ ജനം ടി.വിയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ അറിയിച്ചിരുന്നു.

എന്നാല്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യനായി കസ്റ്റംസ് വിളിച്ചുവരുത്തിയതിന് പിന്നാലെയായിരുന്നു ജനം ടിവി പാര്‍ട്ടി ചാനലല്ലെന്ന് പറഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത് പോലും താന്‍ അറിഞ്ഞില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ജനം ടിവിയുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്നും ഒരുകൂട്ടം ദേശസ്നേഹികള്‍ നടത്തുന്ന ചാനലാണ് അതെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here