gnn24x7

NPR നടപ്പാക്കുന്നതിനെതിരെ കർശന നിർദ്ദേശവുമായി പിണറായി സർക്കാർ!

0
224
gnn24x7

സെൻസസ് ഉത്തരവുകളിൽ NPR എന്ന് പരാമർശിക്കുന്നത്തിനെതിരെ കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.  എൻ പി ആറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സർക്കാർ നിർത്തി വെച്ചിരിക്കുകയാണെങ്കിലും ചില ഉദ്യോഗസ്ഥർ സെൻസസ് ഉത്തരവുകളിൽ NPR എന്ന് പരാമർശിക്കുന്നുണ്ട്.  ഇതു ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും പൊതുഭരണ സെക്രട്ടറി പ്രിൻസിപ്പൽ കെആർ ജ്യോതിലാൽ ജില്ലാ കലക്ടർമാർക്ക് അയച്ച അടിയന്തിര ഉത്തരവിൽ പറയുന്നു.

സംസ്ഥാന സർക്കാർ നേരത്തെ തന്നെ എൻപിആറുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ചില ഉദ്യോഗസ്ഥർ എൻ പി ആറുമായി സഹകരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് വിവാദമാവുകയായിരുന്നു.  ഈ സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എന്‍പിആര്‍ നടപടികളുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്ന് വ്യക്തമാകുന്ന രേഖകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. കേരളത്തില്‍ എന്‍പിആറുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെച്ചുവെന്നും, എന്‍പിആര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ അധ്യാപകരോട് എന്‍.പി.ആര്‍ നടപടികളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ ഉത്തരവ് നേരത്തെ പുറത്ത് വന്നിരുന്നു. ജനുവരി 13ന് താമരശ്ശേരി തഹസില്‍ദാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഏപ്രില്‍ 15ന് ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന് വേണ്ടി അധ്യാപകരുടെ പേര് നിര്‍ദേശിക്കാന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ മാര്‍ക്കും, പ്രധാന അധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

സൂപ്പര്‍ വൈസര്‍മാരെയും, എന്യുമറേറ്റര്‍മാരെയും നിയമിക്കാനുള്ള അധ്യാപകരുടെ പേര് നല്‍കാനാണ് ഉത്തരവ്. ഏപ്രില്‍ 15 മുതല്‍ മെയ് 29 വരെയാണ് എന്‍പിആര്‍ പരിഷ്‌ക്കരണത്തിന്‍റെ ഭാഗമായുള്ള സെന്‍സസ് നടക്കുകയെന്നും ഉത്തരവിലുണ്ടായിരുന്നു. ജനുവരി 22ന് മുമ്പായി ഓഫിസില്‍ അധ്യാപകരുടെസ പേര് വിവരങ്ങള്‍ നല്‍കാനും തഹസീല്‍ദാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട്  ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് അയച്ച കത്ത് താമരശേരി തഹസില്‍ദാര്‍ റദ്ദാക്കി. നിലവിലുള്ള കത്ത് മരവിപ്പിക്കാന്‍ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്.

NPR അറിയാതെ കയറിക്കൂടിയതാണെന്നും സെന്‍സസ് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നുമായിരുന്നു തഹസില്‍ദാറിന്‍റെ വിശദീകരണം.  നേരത്തെ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം വിവാദമായിരുന്നു.നേരത്തെ അംഗനവാടി ജീവനക്കാർ വിവരശേഖരണത്തിനായി വീടുകളിലെത്തിയപ്പോൾ അത് എൻപിആർ വിവരശേഖരണമാണോ എന്ന സംശയമുയർന്നിരുന്നു. എന്നാൽ അത് എൻ പി ആർ വിവരശേഖരണമല്ലെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here