gnn24x7

സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരപരിക്കേറ്റ് യാത്രക്കാരന്‍ ആശുപത്രിയില്‍

0
261
gnn24x7

ബത്തേരി: സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരപരിക്കേറ്റ് യാത്രക്കാരന്‍ ആശുപത്രിയില്‍. കാര്യമ്പാടി സ്വദേശി ജോസഫിനാണ് പരിക്കേറ്റത്. മകള്‍ ബസില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ട് എടുത്തതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ജോസഫിനെ ബസില്‍ നിന്നും ബലം പ്രയോഗിച്ച് തള്ളിയിട്ടത്.

ബസില്‍ നിന്നും ജീവനക്കാര്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് പുറത്തേക്ക് വീണ ജോസഫിന്റെ തുടയെല്ലും കാല്‍മുട്ടിലെ ചിരട്ടയും തകര്‍ന്നു. ബസിന്റെ പിന്‍ചക്രം കാലില്‍ കയറിയതാണ് ഗുരുതരപരിക്കുകള്‍ക്ക് കാരണമായത്.

ഇന്നലെ വൈകീട്ട് ബത്തേരിയില്‍ നിന്നും മീനങ്ങാടിയിലേക്ക പോകുകയായിരുന്ന ജോസഫും മകള്‍ നീതുവും അമ്പത്തിനാല് എന്ന ബസ് സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്.

നീതു ബസില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പേ ബസെടുത്തപ്പോള്‍ റോഡില്‍ വീഴുകയായിരുന്നു. നീതുവിന്റെ കൈയ്ക്കും പരിക്ക് പറ്റിയിട്ടുണ്ട്.

പക്ഷെ ബസ് നിര്‍ത്താതെ പോയി. ബസില്‍ നിന്നും ഇറങ്ങി നില്‍ക്കുകയായിരുന്ന ജോസഫ് ഇത് കണ്ട് മുന്‍വാതില്‍ വഴി ഓടിക്കയറി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചു. ബസ് നിര്‍ത്താന്‍ തയ്യാറാകാതിരുന്ന ജീവനക്കാര്‍ ഇയാളെ പുറത്തേക്ക് തള്ളിയിട്ടു. തുടര്‍ന്ന് ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കല്‍പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസഫിനെ വിദഗ്ദ്ധ ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആശുപത്രിയിലെത്തിയ കണ്ടക്ടര്‍ അടക്കമുള്ള ബസ് ജീവനക്കാര്‍ ആദ്യം തങ്ങളുടെ ഭാഗത്താണ് തെറ്റെന്ന് സമ്മതിക്കുകയും ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്ന് ഉറപ്പു നല്‍കിയെങ്കിലും പിന്നീട് മാറ്റിപ്പറയുകയായിരുന്നു.

ബസ് ഉടമകളുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് പ്രത്യേകിച്ച് നഷ്ടപരിഹാരമൊന്നും നല്‍കാന്‍ കഴിയില്ലെന്നും നിയമപരമായി മുന്നോട്ട് പോകണമെങ്കില്‍ ആയിക്കോളൂ എന്നുമാണ് ജീവനക്കാര്‍ അറിയിച്ചതെന്നും മകള്‍ നീതു അറിയിച്ചു.

പരശുറാം എന്ന് പേരുള്ള ബസിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മീനങ്ങാടി പൊലിസ് അറിയിച്ചു.
സ്‌റ്റോപ്പില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരിക്കുന്നതിനാണ് വേണ്ടിയാണ് താന്‍ ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തതാണ് വീഴാന്‍ കാരണമെന്നാണ് നീതു പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരിക്കാന്‍ സ്റ്റോപ്പില്‍ നിന്നും ബസ് വേഗത്തില്‍ മുന്നോട്ട് എടുക്കുന്ന രീതി സ്വകാര്യ ബസുകള്‍ക്ക് പതിവാണെന്നും ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here