അഡോൾഫ് ഹിറ്റ്ലറുടെ വേഷം ധരിച്ചെത്തിയ ആളെ തിരഞ്ഞ് ജർമന്‍ പൊലീസ്. ഹിറ്റ്ലറുടെ വേഷത്തിലും ഭാവത്തിലും ആരെത്തിയാലും അവർക്കെത്തിരെ അന്വേഷണം എപ്പോഴും അത്യാവശ്യമാണെന്നാണ് സാക്സോണി പൊലീസ് വക്താവ് അറിയിച്ചിരിക്കുന്നത്.
ആഗസ്റ്റസ്ബർഗിൽ നടന്ന മോട്ടോർസൈക്കിൾ കൂട്ടായ്മയിലാണ് പൊലീസിനെ വെട്ടിലാക്കി ‘ഹിറ്റ്ലർ’ എത്തിയത്. 1940 കളിലെ സൈനിക വേഷവും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികർ ധരിച്ച ഹെൽമറ്റും അണിഞ്ഞ ഒരാൾ ഓടിച്ച ബൈക്കിന്റെ സൈഡ് കാറിലായിരുന്നു അടിമുടി ഹിറ്റ്ലറായി മാറിയ ആളുടെ യാത്ര.
ഇവരെ കണ്ട് ജനങ്ങൾ ചിരിക്കുകയും ചിലർ ചിത്രങ്ങളെടുക്കുകയും ചെയ്തു. ‘കൂട്ടക്കൊലകൾ നടത്തിയ ഒരാളുടെ വേഷം തിരഞ്ഞെടുത്തത് തീര്‍ത്തും മോശം അഭിരുചിയാണ്…. ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാകില്ല. ഇത് ആവർത്തിക്കാനും പാടില്ല’ എന്നാണ് സാക്സോണി പ്രിമിയർ മിഷേൽ ക്രെഷ്മേർ പ്രതികരിച്ചത്.
ഇവർക്കൊപ്പം ചിത്രമെടുത്ത ഒരു പൊലീസുകാരനോടും അധികൃതർ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഇത്തരത്തിൽ വേഷം ധരിച്ചെത്തിയ ആളെ പ്രോത്സാഹിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ മേൽ ഉദ്യോഗസ്ഥർ വിളിച്ചു വരുത്തിയിരുന്നു. തന്റെ അച്ചടക്ക ലംഘനം സമ്മതിച്ച ഇയാൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ‘ഹിറ്റ്ലർ ആക്ട്’ പൊതു നിയമം ലംഘനമാണോ അതോ വിദ്വേഷ പ്രചാരണ നടപടിയായി കണക്കാക്കണമോ എന്ന കാര്യമാണ് ഇപ്പോൽ അധികൃതർ പരിഗണിക്കുന്നത്.