സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ റിപ്പോർട്ട് നൽകി.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ബാലചന്ദ്രകുമാറിനെതിരെ തെളിവില്ല. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്.
ദിലീപിന്റെ മുൻ മാനേജർക്കും ഒരു ഓൺലൈൻ മീഡിയ പ്രവർത്തകനുമെതിരെ പൊലീസ് റിപ്പോർട്ടിൽ പരാമർശമുണ്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരാണെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിക്ക് പണം നൽകിയെന്നും ഇതിൽ പറയുന്നു. പൊലീസിനെയും കോടതിയെയും കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ബാലചന്ദ്രകുമാർ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ ലൈംഗികപീഡന ആരോപണവുമായി ഒരു യുവതി രംഗത്ത് വന്നതും പോലീസിൽ പരാതി നൽകിയതും.
പത്ത് വർഷം മുമ്പ് ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതി. ജോലി വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് പോലീസ് ബാലചന്ദ്രകുമാറിനെതിരേ കേസെടുക്കുകയായിരുന്നു.