gnn24x7

ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരി വിതരണം ചെയ്യുന്നില്ല, സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു; ചെന്നിത്തല

0
135
gnn24x7

ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അരി പൂർണ്ണമായും നൽകാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരിയാണ് നൽകാതിരിക്കുന്നത്. ബിപിഎൽകാർക്ക് നൽകേണ്ട ഓണക്കിറ്റ് 60% കടകളിലും കിട്ടാനില്ല. വെള്ളക്കാർഡുകാർക്ക് നൽകേണ്ട 10കിലോ അരിയിൽ വെറും രണ്ട് കിലോ മാത്രമാണ് നൽകുന്നത്. അതാകട്ടെ അരക്കിലോ പച്ചരിയും മുക്കാൽ കിലോ വീതം വെള്ള അരിയും പുഴക്ക് അരിയുമാണ്. അതായത് രണ്ട് കിലോ അരി വാങ്ങാൻ മൂന്ന് സഞ്ചിയുമായി വേണം പോകാൻ.

ഓരോ മാസവും വിതരണം ചെയ്യുന്ന പത്ത് കിലോ അരി കഴിഞ്ഞ മാസം 8 കിലോ മാത്രമാണ് നൽകിയത്. യഥാർത്ഥത്തിൽ കഴിഞ്ഞ മാസത്തിന്റെ ബാലൻസ് ആയ രണ്ട് കിലോയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ഓണമായിട്ട് പോലും ഈ മാസത്തെ 10 കിലോ അരി വിതരണം ചെയ്ത് തുടങ്ങിട്ടില്ല. ഇനി ഓണത്തിനു എ.പി.എൽ വിഭാഗങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച 10 കിലോ സ്പെഷ്യൽ അരി 70% റേഷൻ കടകളിലും കിട്ടാനില്ല. സ്റ്റോക്ക് തീർന്നുവെന്നാണ് കട ഉടമകൾ പറയുന്നത്.

ഓണമായിട്ട് പോലും ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രി എല്ലാം നന്നായി നടക്കുന്നു എന്നാണ് പത്രസമ്മേളനം നടത്തി ദിവസവും പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഇനിയും കണ്ണിൽ പൊടിയിടാനുള്ള വാചക കസർത്ത് നടത്താതെ ന്യായമുള്ള റേഷൻ സാധനങ്ങൾ റേഷൻ കടകളിൽ ലഭ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here