കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പ്രതിഷേധവുമായി ഇറങ്ങുന്നവര്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി നോക്കാതെ കേസെടുക്കാനാണ് ഡിജിപി ജില്ലാ പൊലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നുമാണ് നിര്‍ദേശത്തിലുള്ളത്. ജില്ലാ പൊലീസ് മേധാവികള്‍ വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും ഈ നിര്‍ദേശം കൈമാറിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു.
എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പ്രക്ഷോഭ പരിപാടികളില്‍ കേസൊന്നുമുണ്ടായില്ല. ഈ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദേശവുമായി ഡിജിപി രംഗത്തെത്തിയിരിക്കുന്നത്.ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള എല്ലാ പ്രക്ഷോഭങ്ങള്‍ക്കും സംസ്ഥാനം അനുകൂലിക്കുന്ന ഈ സാഹചര്യത്തില്‍ ഡിജിപിയുടെ ഈ നടപടി ശ്രദ്ധേയമാണ്.