gnn24x7

ജീവന് ഭീഷണി; വെളിപ്പെടുത്തലുകൾ ഇനിയുമുണ്ടാകുമെന്ന് സ്വപ്ന സുരേഷ്

0
224
gnn24x7

പാലക്കാട്: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ച് സ്വപ്ന സുരേഷ്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ലെന്നും എല്ലാം രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. ഒന്നും പറഞ്ഞു കഴിഞ്ഞിട്ടില്ലെന്നും ഇനിയും ഒരുപാട് വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന സുരേഷ് ചൂണ്ടിക്കാട്ടി.

‘മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഞാൻ പറയുന്നില്ല. ആര് മുഖ്യമന്ത്രിയായാലും പ്രശ്നമില്ല. അവരുടെ വരുമാനമല്ല എന്റെ വീട്ടിൽ ചെലവിന് ഉപയോഗിക്കുന്നത്. ഇപ്പോഴും ജീവന് ഭീഷണിയുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് വരെ ഭീഷണിയുണ്ട്. എന്നെ ജീവിക്കാൻ അനുവദിക്കണം.നേരത്തെ പറഞ്ഞത് എന്താണോ അത് തന്നെയാണ് ഇപ്പോഴും പറയുന്നത്. 164 പ്രകാരം മൊഴികൊടുത്ത സംഭവങ്ങളെ കുറിച്ചാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇത് ആരും സുവർണാവസരമായി ഉപയോഗിക്കരുത്. രഹസ്യമൊഴിയായതിനാൽ കൂടുതൽ ഒന്നും എനിക്ക് വെളിപ്പെടുത്താനാവില്ല. ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

സരിതയെ അറിയില്ല. സരിതയടക്കമുള്ലവർ തന്റെ പ്രസ്താവന രാഷ്ട്രീയമായി ഉപയോഗിക്കരുത്. ഞങ്ങൾ ഒരു ജയിലിൽ ഒരുമിച്ച് ഉണ്ടായിരുന്നു. എന്നാൽ അവരോട് ഞാൻ ഒരു ‘ഹലോ പോലും പറഞ്ഞിട്ടില്ല. പി.സി.ജോർജിനെ എനിക്ക് വ്യക്തിപരമായി അറിയില്ല. ഈ പ്രശ്നങ്ങൾ വന്നപ്പോൾ അദ്ദേഹം ബന്ധപ്പെടാൻ ശ്രമിച്ചുവെന്നത് സത്യമാണ്. ഞാൻ എഴുതിയ എന്തെങ്കിലും ഉണ്ടെങ്കിൽ പി.സി.ജോർജിന് പുറത്തുവിടാം.

കേസിൽ ശരിയായ അന്വേഷണം നടക്കണം. 16 മാസം ഞാൻ ജയിലിൽ കിടന്നു. എന്റെ മക്കളും അനുഭവിച്ചു. ജയിൽ ഡി.ഐ.ജി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കോടതി അനുവദിച്ചാൽ പലതും തുറന്ന് പറയും. ശിവശങ്കർ പറഞ്ഞ ആൾക്ക് കറൻസി അടങ്ങിയ ബാഗ് കൈമാറിയിട്ടുണ്ട്. വെളിപ്പെടുത്തൽ പ്രതിച്ഛായ ഉണ്ടാക്കാനല്ല.’സ്വപ്ന സുരേഷ് പറഞ്ഞു.

ദുബായിലേക്ക് നയതന്ത്ര ചാനൽ വഴി കറൻസി കടത്തിയെന്നും തിരുവനന്തപുരത്തെ യു.എ.ഇ കോൺസൽ ജനറലിന്റെ ഓഫീസിൽ നിന്ന് ബിരിയാണിപ്പാത്രങ്ങളിൽ ഭാരമുളള ലോഹവസ്തുക്കൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നിരവധി തവണ എത്തിച്ചെന്നുമാണ് സ്വപ്ന കഴിഞ്ഞ ദിവസം ആരോപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ, നളിനി നെറ്റോ, മുൻമന്ത്രി കെ.ടി ജലീൽ തുടങ്ങിയവർക്ക് പങ്കുണ്ടെന്നും സ്വപ്ന ആരോപിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here