gnn24x7

ഇനിയുള്ള 52 ദിവസം ട്രോളിംഗ്‌ നിരോധനം; മത്സ്യതൊഴിലാളികൾക്ക് വീണ്ടും ദുരിതം

0
227
gnn24x7

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലം കൊണ്ടുപോയത് മൂന്നു മാസം. ഇനിയുള്ള 52 ദിവസം ട്രോളിംഗ്‌ നിരോധനം. 365 ദിവസത്തിൽ 150 ദിവസത്തോളം കടലിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതം.

ഇന്ന് അർധരാത്രി മുതൽ ട്രോളിങ്ങ് നിരോധനം തുടങ്ങും. ട്രോളിങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. ലോക്ക്ഡൗൺ ദുരിതത്തിന് ശേഷമെത്തുന്ന ട്രോളിങ് നിരോധന കാലത്ത് സർക്കാർ സഹായമാണ് മത്സ്യതൊഴിലാളികളുടെ ഏക പ്രതീക്ഷ.

സംസ്ഥാനത്ത് നാലായിരത്തി ഇരുന്നൂറിലധികം വരുന്ന ട്രോളിങ് ബോട്ടുകൾ അർധരാത്രി മുതൽ കടലിൽ പോകില്ല. അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുന്നേ തീരം വിട്ടു പോകണമെന്നാണ് നിർദേശം. പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം.

ലോക്ക്ഡൗണിന് ശേഷമെത്തുന്ന ട്രോളിങ് നിരോധനം പ്രതിസന്ധി രൂക്ഷമാക്കും. കൊല്ലത്തെ നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ ഹാർബാറുകൾ കോവിഡ് മൂലം നേരത്തെ അടച്ചിരുന്നു. നിരോധനകാലത്തിന് തൊട്ടുമുന്നേ മത്സ്യബന്ധനത്തിന് പോകാനാകാത്തത് ജില്ലയിലെ തൊഴിലാളികൾക്ക് തിരിച്ചടിയാണ്.

സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നാണ് സർക്കാർ വാഗ്ദാനം. മുൻ വർഷങ്ങളിലെതിനേക്കാൾ പരിഗണന വേണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.അഞ്ചു മാസത്തോളം ബോട്ടുകൾ കെട്ടിയിടേണ്ടി വരുമ്പോൾ പലതും തുരുമ്പെടുത്ത് നശിക്കും. യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും ബോട്ടുടമകൾ ആവശ്യപ്പെടുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here