gnn24x7

കണക്കുകളിൽ തൃപ്തിയില്ല; കെ.എം ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് IT വകുപ്പിനോട് വിജിലൻസ്

0
113
gnn24x7

കണ്ണൂർ: മുസ്ലീം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. നേരത്തെ ഷാജിയുടെ വീട്ടിൽനിന്ന് വിജിലൻസ് പണം പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ണൂരിലെ വീട്ടിൽനിന്നും 47 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണത്തിന് കെ.എം ഷാജി നികുതി അടച്ചിരുന്നു. പിന്നാലെയാണ് വിജിലൻസ് ഐ.ടി വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഷാജിയുടെ വരുമാനം ആദായനികുതി വകുപ്പ് പരിശോധിക്കണമെന്നാണ് വിജിലൻസിന്റെ ആവശ്യം. മുൻകാലങ്ങളിൽ കെ.എം ഷാജി അടച്ച നികുതിയുടെ കണക്കും ഇപ്പോഴത്തെ കണക്കും താരതമ്യം ചെയ്ത ശേഷമാണ് വിജിലൻസ് അവിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം. അഴീക്കോട് സ്കൂളിന് പ്ലസ്ട അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലൻസ് അന്വേഷണം.

അഴീക്കോട് എം.എൽ.എയായിരിക്കെ 2016-ൽ കെ.എം ഷാജി അഴീക്കോട് സ്കൂളിൽ പ്ലസ്ട കോഴ്സ് അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുസ്ലിം ലീഗ് മുൻ നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്നും ഈ അധ്യാപകന് പിന്നീട് ഇതേ സ്കൂളിൽ സ്ഥിര നിയമനം ലഭിച്ചെന്നും ഇ ഡി അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരിൽ കോഴിക്കോട് വേങ്ങേരി വില്ലേജിൽ വീട് പണിതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കണ്ടുകെട്ടിയിരുന്നു. 2020 ഏപ്രിലിൽ കണ്ണൂർ വിജിലൻസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here