gnn24x7

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം: കോൺഗ്രസ് മാർച്ചുകളിൽ വ്യാപക സംഘർഷം

0
128
gnn24x7

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷം.

തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. തലസ്ഥാനത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതളളുമുണ്ടായി. കൊല്ലം,കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം പൊലീസുമായി പ്രവർത്തകർ ഏറ്റുമുട്ടി.പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്ന് വിവിധയിടങ്ങളിൽ പ്രവർത്തകർ കല്ലേറ് നടത്തി. തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കൊല്ലത്ത് ആർവൈഎഫ്, കോൺഗ്രസ് പ്രതിഷേധങ്ങൾക്ക് നേരെയാണ് പൊലീസ് ലാത്തിചാർജ് നടത്തി. സംഘർഷത്തിൽ ഒരു ആർവൈഎഫ് പ്രവർത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.കണ്ണൂരിൽ അഞ്ഞൂറോളം പ്രവർത്തകരുടെ വലിയ സംഘമാണ് പ്രതിഷേധിച്ചത്. പൊലീസിന് നേരെ കോൺഗ്രസ് പ്രവർത്തകർ ചെരുപ്പേറ് നടത്തി. കൊച്ചിയിൽ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ശക്തമായിരുന്നു. പത്ത് മിനുട്ടോളം നേരം എംഎൽഎമാരും ഡിസിസി നേതാക്കളും നോക്കിനിൽക്കെ പൊലീസ് ലാത്തിചാർജ് നടത്തി.

കോട്ടയത്ത് പ്രവർത്തകർ പൊലീസിന് നേരെ കുപ്പിയേറും കല്ലേറും നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുൻ എംഎൽഎ കെ.സി ജോസഫ് തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് സംഘർഷമുണ്ടായത്. തൃശൂരിൽ സമാധാനപരമായ പ്രതിഷേധം നടന്നു.അതേസമയം മലപ്പുറത്തും കൊല്ലത്തും യുവമോർച്ചയുടെ പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. കൊല്ലത്ത് സംഘർഷസാദ്ധ്യതയുണ്ടായെങ്കിലും ഇപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് തുടരുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here