gnn24x7

മഹാദുരന്തം ഒഴിവാക്കാൻ പുതിയ അണക്കെട്ട് പണിയണം; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീം കോടതിയില്‍

0
146
gnn24x7

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന്‌ കേരളം സുപ്രീം കോടതിയില്‍. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്‌ നിലവിലെ മുല്ലപ്പെരിയാര്‍ അണകെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്നും പുതിയ അണക്കെട്ട് പണിത് തമിഴ്‌നാടിന് ജലവും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണം എന്നും കേരളം ആവശ്യപ്പെടുന്നു.

സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് ആണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം എഴുതി കോടതിക്ക് കൈമാറിയത്‌. തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍ കെര്‍വ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് ഒക്ടോബര്‍ 31 വരെ 138 അടിയാകാം. നവംബര്‍ പത്തിലെ പരമാവധി ജലനിരപ്പ് 139.5 അടിയും നവംബര്‍ 20 ലെ പരമാവധി ജലനിരപ്പ് 141 അടിയും, നവംബര്‍ 30-ലെ പരമാവധി ജലനിരപ്പ് 142 അടിയുമാണ്. എന്നാല്‍ പ്രവചനാതീതമായ കാലാവസ്ഥയില്‍ ഇത് സ്വീകാര്യമല്ല എന്ന് കേരളം വ്യക്തമാക്കുന്നു. ഒക്ടോബര്‍ 31 വരെ പരമാവധി ജലനിരപ്പ് 136 അടിയാകാം എന്നാണ് കേരളത്തിന്റെ നിലപാട്. നവംബര്‍ പത്തിലെ പരമാവധി ജലനിരപ്പ് 138.3 അടിയും നവംബര്‍ 20-ലെ പരമാവധി ജലനിരപ്പ് 139.6 അടിയും, നവംബര്‍ 30-ലെ പരമാവധി ജലനിരപ്പ് 140 അടിയുമാണ് കേരളത്തിന്റെ റൂള്‍ കെര്‍വ് വ്യക്തമാക്കുന്നത്.

ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്നും കേരളം സുപ്രീം കോടതിയില്‍ നല്‍കിയ വാദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നാണ് മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. എന്നാല്‍ മേല്‍നോട്ട സമിതി യോഗത്തില്‍ തങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സുപ്രീം കോടതിക്ക് സമിതി കൈമാറിയ റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചിട്ടില്ല എന്ന് കേരളം ആരോപിക്കുന്നു. തങ്ങളുടെ വിയോജന കുറിപ്പും സുപ്രീം കോടതിക്ക് സമിതി കൈമാറിയിട്ടില്ല എന്നും കേരളം ആരോപിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here