gnn24x7

സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ റഷ്യന്‍ ആക്രമണം; 70ലധികം യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടു

0
183
gnn24x7

കീവ്:യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യന്‍ പീരങ്കിപട നടത്തിയ ആക്രമണത്തില്‍ 70 ലധികം സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈന്‍ തലസ്ഥാനമായ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഹാര്‍കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. യുക്രൈന്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി.യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൈനിക താവളം സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം നിലംപരിശായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഒഖ്തിര്‍ക മേഖലാ തലവന്‍ ദിമിത്രോ സീലിയസ്‌കി ടെലഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഞായറാഴ്ചയുണ്ടായ റഷ്യന്‍ പീരങ്കി ആക്രമണം തിങ്കാളാഴ്ചയോടെയാണ് സ്ഥിരീകരിച്ചത്. ആക്രമണത്തിനിടെ നിരവധി റഷ്യന്‍ സൈനികരും പ്രദേശവാസികളും കൊലപ്പെട്ടിട്ടുണ്ട്.

ഇതിനിടെ വ്യാഴാഴ്ച ആരംഭിച്ച റഷ്യന്‍ അധിനിവേശത്തിനിടെ ഇതുവരെ 352 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. ഇതില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നു. ഹര്‍കീവിലെ ജനവാസ മേഖലകളില്‍ റഷ്യയുടെ ആക്രമണം തുടരുകയാണെന്നും ഇവിടെ തുടര്‍ച്ചയായ ഷെല്ലിങില്‍ കഴിഞ്ഞ ദിവസം 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ അധികൃതര്‍ പറഞ്ഞു.

ഒരു ഭാഗത്ത് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയും റഷ്യ യുക്രൈനില്‍ അധിനിവേശം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമായി നടത്തുന്നുണ്ട്. കീവ് ലക്ഷ്യമാക്കി 40 മൈല്‍ (65 കിലോമീറ്റര്‍) ദൂരത്തില്‍ റഷ്യന്‍ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here