gnn24x7

നമ്പി നാരായണനെ ചാരക്കേസില്‍ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

0
219
gnn24x7

തിരുവനന്തപുരം: നമ്പി നാരായണനെ ചാരക്കേസില്‍ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്ന് മുന്‍ ഡിജിപി സിബി മാത്യൂസ്. ചാരക്കേസ് ഗൂഡാലോചന സംബന്ധിച്ച അന്വേഷണത്തിനിടെ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസ് ഇക്കാര്യം വെളുപ്പെടുത്തിയത്. 1996-ല്‍ സിബിഐ നല്‍കിയ അന്തിമ റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ കളയണമെന്നും സിബിഐയുടെ പുതിയ അന്വേഷണം അനുഗ്രഹമായെന്നും ചാരക്കേസ് ശരിയായി അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നും സിബി മാത്യൂസ് ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം സി.ഐ. എസ്. വിജയനാണ് മറിയം റഷീദയെയും ഫൗസിയ ഹസനെയും അറസ്റ്റുചെയ്തത്. തുടര്‍ന്നാണ്, ഐ.എസ്.ആര്‍.ഒ.യിലെ ഉന്നത ശാസ്ത്രജ്ഞരുമായി ഇവര്‍ക്ക് ബന്ധമുള്ള കാര്യം ബോധ്യമായത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രതിനിധിയായ ബെംഗളൂരു സ്വദേശി ചന്ദ്രശേഖരനുമായും ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ ശശികുമാറുമായും ഫൗസിയ ഹസന് അടുത്തബന്ധമുണ്ടായിരുന്നു. ബെംഗളൂരുവിലെ ആര്‍മി ക്‌ളബ്ബില്‍ മറിയം റഷീദയും ഫൗസിയ ഹസനും സ്‌ക്വാഡ്രന്‍ ലീഡര്‍ കെ.എല്‍. ഭാസിനെ കണ്ടിരുന്നു. ഇക്കാര്യം അന്ന് ഒരു മാധ്യമവും റിപ്പോര്‍ട്ടുചെയ്തില്ല. മാധ്യമങ്ങള്‍ രമണ്‍ ശ്രീവാസ്തവയുടെ പിറകിലായിരുന്നു. രമണ്‍ ശ്രീവാസ്തവയെയും നമ്പി നാരായണനെയും അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചതും ഐ.ബി. ഉദ്യോഗസ്ഥരാണെന്നും സിബി മാത്യൂസ് വ്യക്തമാക്കിയിരുന്നു.

അതേസമയം, ജാമ്യാപേക്ഷയെ എതിര്‍ത്ത സിബിഐ അഭിഭാഷകന്‍ ജെയിന്‍ കമ്മറ്റി റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ ജില്ലാ കോടതിക്കു നല്‍കാമെന്ന് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here