gnn24x7

പ്രൊഫസർ ടി.ജെ.ജോസഫിൻ്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി 13 വർഷങ്ങൾ ശേഷം പിടിയിൽ

0
262
gnn24x7

കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദ് പിടിയിൽ. കണ്ണൂരിൽ നിന്നാണ് എൻഐഎ സംഘം ഇയാളെ പിടികൂടിയത്. 13 വർഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്. 2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. 

ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രൊഫസർ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ വാനിലെത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം അധ്യാപകന്റെ വലത് കൈപ്പത്തി മഴുകൊണ്ട് വെട്ടിയെറിഞ്ഞു.

54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. സംഭവം നടന്ന അന്നുതന്നെ ഒളിവിൽ പോയ മുഖ്യപ്രതിയായ അശമന്നൂർ നൂലേലി മുടശേരി സവാദിനെ (38) അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്.

13 വർഷം പൊലീസിനെയും എൻഐഎയും വെട്ടിച്ച് സവാദിന്റെ ഒളിവുജീവിതം. അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിച്ചിരിക്കെ സവാദ് ഒളിജീവിതം നയിച്ചത് കേരളത്തിൽ തന്നെ. ഷാജഹാനെന്ന പേരിലായിരുന്നു സവാദ് രണ്ടുവർഷമായി മട്ടന്നൂരിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. മട്ടന്നൂരിനടുത്ത ബേരത്ത് വാടക വീട്ടിലായിരുന്നു ഭാര്യക്കും രണ്ടുമക്കൾക്കുമൊപ്പം താമസം. മരപ്പണിക്കാരനായിരുന്ന സവാദ് കാസർകോട് സ്വദേശിയാണെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞത്. കഴിഞ്ഞ 13 വർഷമായി രാജ്യത്തെ അന്വേഷണ ഏജൻസികൾ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താൻ കഴിയാതിരുന്ന കൈവെട്ട് കേസിലെ പ്രതി സവാദ് താമസിച്ചിരുന്നത് കണ്ണൂരിലെ ഒറ്റനില വീട്ടിലാണ്. ഇതിന് മുൻപും മട്ടന്നൂരിലെ വിവിധയിടങ്ങളിൽ ഇയാൾ താമസിച്ചിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് സവാദ് എൻഐഎയുടെ വലയിലായതെന്നാണ് ലഭിക്കുന്ന വിവരം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7