gnn24x7

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ രാസ വന്ധ്യംകരണത്തിന് വിധേയമാക്കും; കടുത്ത നടപടിയുമായി പെറു

0
458
gnn24x7

ലിമ: പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവരെ കെമിക്കല്‍ കാസ്‌ട്രേഷനു (രാസ വന്ധ്യംകരണം) വിധേയമാക്കാൻ അധികാരം നല്‍കുന്ന ബില്ലുമായി പെറു. ശിക്ഷാകാലാവധി അവസാനിച്ചു പുറത്തുവരുംമുമ്പ് രാസ വന്ധ്യംകരണത്തിനു വിധേയമാക്കാനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ബലാല്‍സംഗം ചെയ്യുന്നവർ കടുത്ത ശിക്ഷയ്ക്ക് അർഹരാണെന്നും ബലാത്സംഗത്തിനുള്ള അധികശിക്ഷയെന്ന നിലയിലാണ് രാസ വന്ധ്യംകരണം പരിഗണിക്കുന്നതെന്നും പെറു നിയമന്ത്രി ഫെലിക്‌സ് ഛെറൊ മാധ്യമങ്ങളോട് പറഞ്ഞു.

48 വയസ്സുള്ള ഒരാൾ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത സംഭവം വൻ പ്രതിഷേധങ്ങൾക്കു വഴിവച്ചതോടെയാണ് സോഷ്യലിസ്റ്റ് ലീബർ പാർട്ടി നേതാവും പ്രസിഡന്റുമായ പെട്രോ കാസ്റ്റിയോയുടെ നീക്കം. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർ കടുത്ത ശിക്ഷ അർഹിക്കുന്നുണ്ടെന്നു മാതൃകപരമായ ശിക്ഷ ഉറപ്പു വരുത്തുമെന്നും ബില്ലിനെ പിന്തുണച്ചു കൊണ്ടു പെട്രോ കാസ്റ്റിയോ പറഞ്ഞു. കടുത്ത യഥാസ്ഥി‌തികനായി അറിയപ്പെടുന്ന നേതാവാണ് കർഷകനും മുൻ പ്രൈമറി സ്കൂൾ അധ്യാപകനുമായ പെട്രോ കാസ്റ്റിയോ.

രാസ വന്ധ്യംകരണ ബിൽ നിയമാകണമെങ്കിൽ പെറുവിലെ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള കോൺഗ്രസ് ഓഫ് ദ് റിപ്പബ്ലിക് ഓഫ് പെറുവിലൂടെ (പെറു നിയമനിർമാണ സഭ) പാസാക്കേണ്ടി വരും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനുള്ള ശിക്ഷയായി വധശിക്ഷ ഉൾപ്പെടുത്താനുള്ള ബദൽ നിർദ്ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. ബില്ലിനെതിരെ ഭരണപക്ഷത്തു നിന്നുതന്നെ എതിർസ്വരം ഉയർന്നതും പ്രതികൂലമാണ്. ബില്ലിനെ എതിർത്തു കൊണ്ട് പെറു ആരോഗ്യമന്ത്രി ജോര്‍ജ് ലോപസ് രംഗത്തെത്തുകയും ചെയ്തു. 14 വയസ്സിൽ താഴെയുള്ളവരെ ബലാത്സംഗം ചെയ്യുന്നവരെ രാസ വന്ധ്യംകരണത്തിനു വിധേയമാക്കുന്ന ബിൽ 2018 ൽ പെറു കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടുവെങ്കിലും വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നതിനാൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല.

ചിലതരം മരുന്നുകള്‍ നല്‍കി ലൈംഗിക തൃഷ്ണ ഇല്ലാതാക്കുകയും ലൈംഗിക ഉദ്ധാരണശേഷി നശിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് കെമിക്കല്‍ കാസ്‌ട്രേഷന്‍ (രാസ വന്ധ്യംകരണം). ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ, ലൈംഗിക പീഡനക്കേസുകളിലെ പ്രതികളെ കെമിക്കല്‍ കാസ്‌ട്രേഷനു സ്വമേധയാ വിധേയരാകാറുണ്ട്. വധശിക്ഷയ്ക്ക് ബദലായാണ് അധിക ശിക്ഷയായി പലയിടത്തും രാസ വന്ധ്യംകരണം നടപ്പാക്കുന്നത്. പോളണ്ടില്‍ കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നവരെ ഇത്തരത്തിൽ ശിക്ഷിക്കാറുണ്ട്. അമേരിക്കയില്‍ പല സംസ്ഥാനങ്ങളും ശിക്ഷ നടപ്പാക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍ഭയ കേസിനു പിന്നാലെ, മരുന്ന് ഉപയോഗിച്ച് കുറ്റവാളികളെ വന്ധ്യംകരിക്കുന്നതു സംബന്ധിച്ച് കരട് നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ബലാത്സംഗക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് 30 വര്‍ഷം തടവുശിക്ഷ നല്‍കുന്നതും പരിഗണനയിലുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here