gnn24x7

റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്ൻ ശേഖരിക്കുന്നു; യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി സമ്മർദം ശക്തമാക്കുന്നതിനെന്ന് സൂചന

0
145
gnn24x7

ഹർകീവ്: റഷ്യൻ സേന നിയന്ത്രണത്തിലാക്കിയ ഹർകീവ് തിരിച്ചുപിടിച്ചതോടെ നഗരാവിഷ്ടങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്ന റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ യുക്രെയ്ൻ ശേഖരിക്കുന്നതായി റിപ്പോർട്ട്. 3 മാസമായി ഭൂഗർഭ മെട്രോയിൽ അഭയം തേടിയിരുന്ന ജനം പുറത്തിറങ്ങിയതോടെ നഗരം സജീവമായതിനു പിന്നാലെയാണ് കൂടുതൽ റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശീതീകരിച്ച ട്രെയിൻ കംപാർട്ട്മെന്റുകളിലായി റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്.

കൊല്ലപ്പെട്ട സൈനികരുടെ ശരീരത്തിലുള്ള ടാറ്റൂകൾ മുതൽ ഡിഎൻഎ വരെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നു. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ പ്രത്യേകം സൂക്ഷിക്കുന്നതായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യുക്രെയ്‍നിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ ആന്റൺ ഇവാനിക്കോവ് പറഞ്ഞു. കൊല്ലപ്പെട്ട സൈനികരെ തിരിച്ചറിയാൻ ഏതെങ്കിലും തരത്തിൽ സഹായിക്കുന്ന രേഖകളോ പേരുകൾ രേഖപ്പെടുത്തിയ ക്രെഡിറ്റ് കാർഡുകളോ മറ്റോ യുദ്ധഭൂമിയിൽ നിന്ന് ശേഖരിക്കാൻ ശ്രമിക്കുന്നതായും സാധ്യമല്ലാത്ത അവസ്ഥയിൽ ഡിഎൻഎ സാംപിൾ ശേഖരിക്കുന്നതായും ആന്റൺ ഇവാനിക്കോവ് പറഞ്ഞു.

യുദ്ധത്തടവുകാരെ വിട്ടുകൊടുക്കുന്നതുമായി റഷ്യൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടക്കുന്ന കീവിൽ മൃതദേഹങ്ങൾ ട്രെയിൻ മാർഗമാണ് എത്തിക്കുന്നത്. ഹർകീവിലെ കനത്ത ആക്രമണം നടന്ന മാല രോഹനിലെ കിണറ്റിൽ നിന്നാണ് രണ്ട് റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഒരാളുടെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മരണകാരണം വ്യക്തമല്ലെന്ന് അധികൃതർ പറയുന്നു. ഈ പ്രദേശത്ത് നിന്ന് തന്നെയുള്ള ആഴം കുറഞ്ഞ കുഴിയിൽ അടക്കം ചെയ്ത നിലയിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. സൈനികന്റെ പേരും സംസ്കരിച്ച തീയതിയും ഒരു കാർഡിൽ എഴുതി വച്ചിരുന്നു.

കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കിടെ കണ്ടെത്തിയ 12 മൃതദേഹങ്ങളിൽ ഒന്ന് ഒരു സ്ത്രീയുടെ വീടിനോട് ചേർന്നുള്ള ഭൂഗർഭ അറയിൽ നിന്നാണ് കിട്ടിയത്. പ്രദേശത്ത് ഒറ്റപ്പെട്ടുപോയ സൈനികൻ സ്വയം വെടിവച്ച് മരിച്ചതാണെന്നാണ് യുക്രെയ്‍ൻ സൈന്യത്തിന്റെ വിശദീകരണം. യുക്രെയ്‍ൻ പ്രതിരോധസേന കൊന്നൊടുക്കിയ നിരവധി റഷ്യൻ സൈനികരുടെ മൃതദേഹങ്ങളാണ് ഹർകീവിൽ ചിതറിക്കിടക്കുന്നത്. റഷ്യൻ അധിനിവേശ നഗരങ്ങളിലെ യുക്രെയ്‍ൻ യുദ്ധത്തടവുകാരെയും കൊല്ലപ്പെട്ട സൈനികരുടെയും മൃതദേഹങ്ങളും കൈമാറണമെന്ന യുക്രെയ്‍ൻ അഭ്യർഥനയോട് റഷ്യൻ പ്രതിരോധമന്ത്രാലയം അനുകൂലമായി പ്രതികരിച്ചിരുന്നില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here