gnn24x7

മരിച്ചുപോയ മകളെ കേന്ദ്രമന്ത്രിയും മകനും അപകീർത്തിപ്പെടുത്തുന്നു; നടപടി ആവശ്യപ്പെട്ട് ദിഷ സാലിയാന്റെ മാതാപിതാക്കൾ രാഷ്ട്രപതിയ്ക്ക് കത്തയച്ചു

0
415
gnn24x7

ന്യൂഡൽഹി: കേന്ദ്രമന്ത്രിക്കും മകനുമെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ അന്തരിച്ച ദിഷ സാലിയാന്റെ മാതാപിതാക്കൾ. കേന്ദ്രമന്ത്രി നാരായൺ റാണെ‍, മകനും എം‌എൽ‌എയുമായ നിതേഷ് റാണെ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദിനു വെള്ളിയാഴ്ച കത്തയച്ചത്. മരിച്ചപോയ മകളെ ഇവർ അപകീർത്തിപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് നടപടി.

‘മകളുടെ മരണം നിമിത്തം ഞങ്ങളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. കേസ് റജിസ്റ്റർ ചെയ്തിട്ടും കേന്ദ്രമന്ത്രി റാണെയും അദ്ദേഹത്തിന്റെ മകനും ഞങ്ങളെ അപകീർത്തിപ്പെടുത്തുന്നത് നിർത്തിയിട്ടില്ല. ജീവിക്കാനുള്ള ഞങ്ങളുടെ മൗലികാവകാശത്തേക്കാളും സ്വകാര്യതയ്ക്കുള്ള അവകാശത്തേക്കാളും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തേക്കാളും പ്രധാനം കള്ളം പ്രചരിപ്പിക്കാനുള്ള അവരുടെ അവകാശമായതിനാൽ ഞങ്ങളുടെ ജീവിതാവസാനം വരെ നീതി ലഭിക്കില്ലെന്ന് തോന്നുന്നു.’ – ദിഷയുടെ മാതാപിതാക്കളായ വാസന്തി സാലിയാനും സതീഷ് സാലിയാനും കത്തിൽ പറഞ്ഞു.

നീതി ലഭിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകണമെന്ന് അഭ്യർഥിക്കുന്നു. അല്ലാത്തപക്ഷം ‌ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും ദിശയുടെ മാതാപിതാക്കൾ പറയുന്നു.

കേന്ദ്രമന്ത്രി നാരായൺ റാണെയും മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ നിതേഷ് റാണെയും ദിശ സാലിയാന്റെ മരണവുമായി ബന്ധപ്പെട്ട് മാർച്ച് 6നു മുംബൈ പൊലീസിന് മുന്നിൽ ഹാജരായിരുന്നു. ദിഷ സാലിയാനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ഇരുവർക്കുമെതിരായ കേസ്. ദിഷയുടെ അമ്മയുടെ പരാതിപ്രകാരം ഫെബ്രുവരി 27നാണ് കേസ് റജിസ്റ്റർ ചെയ്തത്. 2020 ജൂൺ 8ന് ആണ് ദിഷയെ മലാഡിലെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു ദിവസത്തിന് ശേഷം സുശാന്തിനെ സ്വന്തം ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here