gnn24x7

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവതിക്ക് സുഖപ്രസവം

0
288
gnn24x7

ദുബായ്: ജന്മനാട്ടിലേക്ക് യാത്രചെയ്യുകയായിരുന്ന എത്യോപ്യൻ യുവതിക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുഖപ്രസവം. സൗദി അറേബ്യയിൽനിന്ന് മൂന്ന് മക്കൾക്കൊപ്പം എമിറേറ്റ്സ് എയർലൈനിൽ എത്യോപ്യയിലേക്കുള്ള യാത്രയ്ക്കിടെ ദുബായിൽ ട്രാൻസിറ്റ് ഇറങ്ങിയതായിരുന്നു ഇവർ.

വിമാനത്താവളത്തിലെ കാത്തിരിപ്പിനിടെ വേദനയുണ്ടാകുകയും ഏറെ പരിഭ്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ ദുബായ് പോലീസ് സുരക്ഷാ സേനയെത്തുകയും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു. മൂന്ന് ചെറിയ മക്കൾ മാത്രമേ കൂടെയുള്ളൂവെന്നതിനാൽ യുവതി ഏറെ പേടിച്ചിരിക്കുന്നു.

സ്വന്തം കാര്യവും അവരുടെ കാര്യങ്ങളും നോക്കാനാകുമോയെന്ന ഭയവും അവരെ അലട്ടിയിരുന്നു. എന്നാൽ പോലീസിന്റെ സമയോചിത ഇടപെടൽ ഓപ്പറേഷൻ റൂമിൽ അടിയന്തര പ്രസവത്തിനുള്ള സംവിധാനങ്ങൾ ഒരുക്കി. ആരോഗ്യവകുപ്പുമായി ചേർന്ന് ഏറ്റവും മികച്ച സൗകര്യങ്ങൾ എല്ലാം തന്നെ മിനിറ്റുകൾ കൊണ്ട് സജ്ജമാക്കിയിരുന്നു. അവിടെ അവർ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തുടർന്ന് ലത്തീഫ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രിയിലേക്ക് ഇവരെ മാറ്റുകയും ചെയ്തു. കുട്ടികളെ എയർപോർട്ട് ഹോട്ടലിലെത്തിച്ച് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാരെ പോലീസ് ചുമതലപ്പെടുത്തുകയും ചെയ്തു.

വിവിധ വകുപ്പുകളുടെ കൃത്യതയോടെയുള്ള ഏകീകരണവും നവീന സംവിധാനങ്ങളുമാണ് ഈ സാഹചര്യത്തിൽ ഏറെ നിർണായകമായതെന്ന് ദുബായ് പോലീസ് എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ മേജർ ജനറൽ അലി ആതിഖ് ബിൻ ലഹജ് പറഞ്ഞു.

അമ്മയുടെയും കുട്ടികളുടെയും സുഖവിവരങ്ങൾ അന്വേഷിക്കാനും ആവശ്യമായ സേവനങ്ങളും സമ്മാനങ്ങളും ലഭ്യമാക്കാനുമായി ഒരു സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പോലീസ്. മാനവിക മൂല്യങ്ങൾക്ക് മറ്റെന്തിനേക്കാളും വില നൽകിയാണ് പോലീസ് പ്രവർത്തിക്കുന്നത്. ദുബായ് ആംബുലൻസ് സർവീസ്, ആരോഗ്യ വകുപ്പ്, എമിറേറ്റ്സ് എയർലൈൻസ് എന്നിവയോട് പ്രത്യേക നന്ദിയറിയിക്കുന്നതായും പോലീസ് മേധാവി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here