ദുബായ്: യുഎഇയിലെ പുതിയ കോടീശ്വരനായി പതിനൊന്ന് മാസം മാത്രം പ്രായമായ കുഞ്ഞ്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയാണ് കേരളത്തിൽ നിന്നുള്ള മുഹമ്മദ് സലാഹ് എന്ന പതിനൊന്നു മാസക്കാരൻ കോടീശ്വരനായത്. ഒരു മില്യൺ ഡോളറാണ് (ഏഴുകോടിയിലധികം) രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.
അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിലെ അക്കൗൗണ്ടന്റായ റമീസ് റഹ്മാനാണ് മകനായ സലാഹിന്റെ പേരിൽ ടിക്കറ്റെടുത്തത്. ഈ മാസം പതിമൂന്നിന് ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് ഏറ്റവും വലിയ സമ്മാനം സലാഹിനെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ ആറു വർഷമായി അബുദാബിയിലുള്ള റമീസ്, കഴിഞ്ഞ ഒരു വർഷമായി ഡ്യൂട്ടി ഫ്രീയിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ആ ഭാഗ്യം തന്റെ മകൻ വഴിയെത്തിയ സന്തോഷത്തിലാണ് റമീസ്. 323 സീരിസിലുള്ള 1319 എന്ന ടിക്കറ്റാണ് സമ്മാനം നേടിക്കൊടുത്തത്.
‘മകൻ ഭയങ്കര ഭാഗ്യശാലിയാണ്.. ഇതൊരു വലിയ നേട്ടം തന്നെയാണ്.. മകന് ശോഭനമായ ഒരു ഭാവി ലഭിക്കണം. അവന്റെ ജീവിതം മികച്ച രീതിയിൽ തന്നെ ആരംഭിക്കുകയാണ്.. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾക്കും എനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്കും ഞാൻ ദൈവത്തോട് നന്ദി പറയുകയാണ്’ എന്നായിരുന്നു റമീസിന്റെ വാക്കുകൾ.