gnn24x7

അബുദാബിയില്‍ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പെര്‍മിറ്റ് സംവിധാനം നിര്‍ത്തലാക്കി

0
174
gnn24x7

യു.എ.ഇ: അബുദാബിയില്‍ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രത്യേക പെര്‍മിറ്റ് സംവിധാനം നിര്‍ത്തലാക്കി. സമാന ഭേദഗതി ദുബായ് വരുത്തിയതിനു പിന്നാലെയാണ് അബുദാബിയും മദ്യം വാങ്ങുന്നതിനുള്ള പെര്‍മിറ്റ് സംവിധാനം ഒഴിവാക്കിയത്.

‘മദ്യത്തിനുള്ള പെര്‍മിറ്റ് റദ്ദാക്കുന്നെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും അംഗീകൃത സ്‌റ്റോറുകളില്‍ നിന്ന് ഇത് വങ്ങാന്‍ അവകാശമുണ്ട്,’ അബുദാബി ഡിപാര്‍ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്റ് ടൂറിസം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മദ്യം വാങ്ങുന്നവര്‍ക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. പൊതു സ്ഥലങ്ങളില്‍ നിന്ന് മദ്യപിക്കുകയും ചെയ്യരുത്. അതേ സമയം പ്രസ്താവനയില്‍ മുസ്‌ലിങ്ങള്‍ക്ക് മദ്യം വാങ്ങാമോ എന്നത് സംബന്ധിച്ച് പരാമര്‍ശമില്ല. നേരത്തെ മദ്യം വാങ്ങാന്‍ മുസ്‌ലിങ്ങള്‍ക്ക് അബുദാബിയില്‍ അനുമതിയുണ്ടായിരുന്നില്ല. അബുദാബിയില്‍ സാധാരണമായി മദ്യം വില്‍പ്പനയില്‍ സ്റ്റോറുകള്‍ പെര്‍മിറ്റ് ആവശ്യപ്പെടാറില്ലെങ്കിലും ഈ നിയമം നിലവിലുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടയില്‍ തകര്‍ന്ന ടൂറിസം രംഗത്തെ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് അബുദാബിയുടെയും ദുബായുടെയും ഈ നിയമ ഭേദഗതി. ഇതിനൊപ്പം ഇസ്രഈലുമായി സമാധാന കരാറിലായതിനു പിന്നാലെ ഇവിടെ നിന്നുള്ള വിനോദ സഞ്ചാരികളെയും യു.എ.ഇയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ദുബായില്‍ ടൂറിസ്റ്റുകള്‍ക്കും താമസക്കാര്‍ക്കും സ്റ്റോറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ പ്രത്യേക പെര്‍മിറ്റ് ആവശ്യമുണ്ടായിരുന്നു. അതേ സമയം ബാറുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പെര്‍മിറ്റ് വേണ്ടായിരുന്നു. ഈ വര്‍ഷമാദ്യമാണ് ദുബായ് പെര്‍മിറ്റ് സംവിധാനം ഒഴിവാക്കിയത്.

ദുബായ് താമസവിസക്കാര്‍ക്ക് നിലവില്‍ തങ്ങളുടെ ഐ.ഡി കാര്‍ഡും നിലവിലെ അഡ്രസ് വെളിപ്പെടുത്തുന്ന ഒരു ഫോമും പൂരിപ്പിച്ചു നല്‍കിയാല്‍ മതി. ഒപ്പം ഫോമിനായി 270 ദിര്‍ഹവും നല്‍കണം.

ബിയര്‍, വൈന്‍ എന്നിവയുടെ ഹോം ഡെലിവറിയും ദുബായില്‍ നിയമപരമാക്കിയിരുന്നു. അതേ സമയം മുസ്‌ലിങ്ങള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതിയില്ല. നിലവില്‍ യു.എ.ഇയിലെ ഏഴ് എമിറേറ്റുകളില്‍ ആറെണ്ണം മദ്യ വില്‍പ്പനയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഷാര്‍ജയില്‍ മാത്രമാണ് മദ്യ വില്‍പ്പനയ്ക്ക് വിലക്കുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here