റിയാദ്: സൗദി പോളോ ഫെഡറേഷന്‍റെ ലോകത്തിലെ ആദ്യ മരുഭൂ-പോളോ മാച്ച് സൗദിയില്‍!! ഇതുവരെ പുല്ലു പാകിയ മൈതാനത്ത് നടന്നിരുന്ന മത്സരം മണൽക്കാട്ടിൽ നടത്തുന്നു എന്നതാണ് മരുഭൂ-പോളോ മാച്ചിന്‍റെ പ്രത്യേകത. ആഗോള തലത്തിൽ തന്നെ ഇത്തരത്തിൽ പോളോ മാച്ച് നടക്കുന്നത് ആദ്യമായിട്ടാണ്.
2018 ജൂലായിൽ രൂപീകൃതമായ സൗദി പോളോ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ആദ്യ മാച്ച് കൂടിയാണിത്. ഈ മാസം പതിനാറു മുതൽ പതിനെട്ട് വരെയുള്ള ദിവസങ്ങളില്‍ അൽ ഉല മരുഭൂമിയിലാണ് മത്സരം നടക്കുന്നത്. അൽ ഉല വിന്‍റർ അറ്റ് തന്തൂറ ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് മത്സരം.വ്യത്യസ്‌തമായൊരു അനുഭൂതിയായിരിക്കും ഇത് സമ്മാനിക്കുകയെന്ന് സഊദി പോളോ ഫെഡറേഷൻ ചെയർമാൻ അംറ് സിദാൻ വിശദീകരിച്ചു.
സ്പോർട്സ് രംഗത്ത് ക്രിയാത്മകമായ മാറ്റത്തിന് പ്രേരണ നൽകുന്ന കായിക മത്സരമായി അൽ ഉല മരുഭൂ പോളോ മത്സരം മാറുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. 2005ൽ സിദാൻ പോളോ ടീമിനെ രൂപപ്പെടുത്തിയത് മുതൽ ഇരുപത് വർഷമായി പോളോ മത്സര രംഗത്തുള്ള വ്യക്തിയാണ് അംറ് സിദാൻ. സൗദി വിഷൻ 2030 യുടെ ഭാഗമായി രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ ആകര്‍ഷിപ്പിക്കുന്നതിന്‍റെ ഭാഗമായും പെട്രോളിതര വരുമാനം കൂട്ടുന്നതിന്‍റെ ഭാഗമായും വിവിധതരത്തിലുള്ള ഇവന്‍റുകൾ സംഘടിപ്പിച്ചു വരികയാണ് സൗദി ഭരണകൂടം.