ദോഹ: ആഭ്യന്തര കപ്പൽ വിനോദസഞ്ചാരത്തിന് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ദോഹ തുറമുഖം. ഒറ്റ ദിവസത്തിൽ രാജ്യത്ത് എത്തിയത് 10,000 സഞ്ചാരികൾ.
ബുധൻ വൈകിട്ട് ദോഹ തുറമുഖത്ത് നങ്കൂരമിട്ട ഭീമൻ ആഡംബര കപ്പലുകളായ ഇറ്റലിയുടെ കോസ്ത ദിയാദെമ, അമേരിക്കയുടെ ജ്യുവൽ ഓഫ് ദ് സീസ് എന്നിവയിലാണ് പതിനായിരത്തോളം സഞ്ചാരികൾ വന്നിറങ്ങിയത്. കഴിഞ്ഞ ഡിസംബർ 25 നാണ് ജ്യുവൽ ഓഫ് ദ് സീസ് യാത്രക്കാരുമായി ദോഹയിലേക്ക് ആദ്യ യാത്ര നടത്തിയത്. ഇത്തവണത്തെ സീസണിലേക്കുള്ള അഞ്ച് യാത്രകളിൽ രണ്ടാമത്തേതാണിത്. കോസ്ത ദിയാദെമ 16 തവണ ഇത്തവണത്തെ സീസണിൽ വന്നുപോകും.
രണ്ട് കപ്പലുകളിലായി ഒന്നിച്ചെത്തിയ സഞ്ചാരികൾക്ക് പാരമ്പര്യ തനിമയിലുള്ള ആതിഥേയത്വമാണ് ഖത്തർ നാഷനൽ ടൂറിസം കൗൺസിലും മവാനി ഖത്തറും ചേർന്ന് നൽകിയത്. ഒക്‌ടോബറിൽ ആരംഭിച്ച ഇത്തവണത്തെ സീസണിലേക്ക് 74 കപ്പലുകളിലായി 1,86,000 യാത്രക്കാരെയും 61,000 കപ്പൽ ജീവനക്കാരെയുമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 44 കപ്പലുകളിലായി 1,40,000 യാത്രക്കാരാണ് എത്തിയത്.