ഓണ്‍ ഡിമാന്‍ഡ് പെട്രോള്‍ റീഫില്ലിംഗ് സേവന രംഗത്തുള്ള ദുബായ് സ്റ്റര്‍ട്ടപ്പ് കമ്പനിയായ കാഫു ഡ്രോണുകളെയുപയോഗിച്ച് യുഎഇയില്‍ പത്ത് ലക്ഷം മരം നടാനൊരുങ്ങുന്നു.രാജ്യത്തെ സഹിഷ്ണുതാ വര്‍ഷത്തിന്റെ ചിഹ്നം കൂടിയായ ഗാഫ് മരങ്ങളാണ് കമ്പനി വച്ചുപിടിപ്പിക്കുന്നത്. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഡിസംബറില്‍ ഷാര്‍ജയില്‍ 4,000 മരങ്ങളുടെ വിത്തുകള്‍ പാകിക്കൊണ്ട് കാഫു ഡ്രോണുകള്‍ ഉപയോഗിച്ചുള്ള മരംനടല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകമെമ്പാടും കാട്ടുതീ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയതെന്ന് കാഫു സ്ഥാപകനും സിഇഒയുമായ റാഷിദ് അല്‍ ഖുരൈര്‍ പറഞ്ഞു. കമ്പനി സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും സംയോജിപ്പിച്ചാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള ഈ പദ്ധതി കാഫു തയ്യാറാക്കിയിട്ടുള്ളത്.
വളരെ പ്രതികൂലമായ കാലാവസ്ഥയിലും പിടിച്ചുനില്‍ക്കുന്ന ഗാഫ് മരങ്ങള്‍ക്ക് വളരെ കുറച്ച് ജലമേ ആവശ്യമുള്ളു. പ്രതിവര്‍ഷം ഒരു ഗാഫ് മരം 34.65 കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കുമെന്നാണ് കണക്ക്. 80 മീറ്റര്‍ ആഴത്തില്‍ വേരുകള്‍ ആഴ്ന്നിറങ്ങുമെന്നതും ഈ മരങ്ങളുടെ പ്രത്യേകതയാണ്.
അജ്മന്‍, ഷാര്‍ജ,ദുബായ് മേഖലകളിലുള്ള കാറുകള്‍ക്കും, മോട്ടോര്‍ബൈക്കുകള്‍ക്കും ബോട്ടുകള്‍ക്കും ആവശ്യാനുസരണം പെട്രോള്‍ എത്തിച്ചുകൊടുക്കുന്ന മേഖലയിലെ ആദ്യ ഓണ്‍ ഡിമാന്‍ഡ് പെട്രോള്‍ ഡെലിവറി സേവന കമ്പനിയായ കാഫു 2018ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.