gnn24x7

കുവൈറ്റ് ഫാമിലി വിസകള്‍ വീണ്ടും അനുവദിക്കുന്നു;തെരഞ്ഞെടുത്ത പ്രവാസി വിഭാഗങ്ങൾക്കുള്ള ഫാമിലി വിസ അടുത്ത വർഷമെന്ന് സൂചന

0
124
gnn24x7

ഫാമിലി വിസകള്‍ വീണ്ടും അനുവദിക്കാനുള്ള തീരുമാനവുമായി കുവൈറ്റ്. 2024 ന്‍റെ തുടക്കത്തില്‍ തന്നെ ‘ആര്‍ട്ടിക്കിള്‍ 22’ വിസകള്‍ അഥവാ കുടുംബ-ആശ്രിത വിസകള്‍ അനുവദിക്കാനാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനമെന്ന് പ്രാദേശിക അറബി ദിനപ്പത്രമാണ് അല്‍ അന്‍ബാ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. എന്നാല്‍, മന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഫാമിലി വിസ അനുവദിക്കാനാണ് മന്ത്രാലയം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍, യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, കൗണ്‍സലര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രത്യേക വിഭാഗത്തിലുള്ള പ്രവാസികള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തുമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുവൈറ്റിലേക്ക് കുടുംബങ്ങളെ കൊണ്ടുവരാന്‍ അനുവദിക്കപ്പെടുന്ന പ്രവാസി വിഭാഗങ്ങള്‍ക്കുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും നിശ്ചയിക്കാന്‍ മന്ത്രാലയം ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ രാജ്യത്തെ ജനസംഖ്യയില്‍ പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കുടുംബ വിസകള്‍ക്ക് കുവൈറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ സ്വദേശികളെക്കാള്‍ കൂടുതല്‍ പ്രവാസി ജനസംഖ്യയുള്ള കുവൈറ്റില്‍ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിനായി പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്‍റെ നേതൃത്വത്തില്‍ പുതിയ ജനസംഖ്യാ തന്ത്രം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായായിരുന്നു നടപടി. എന്നാല്‍, ഇതിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് പുതിയ ഫാമിലി വിസയ്ക്ക് അധികൃതര്‍ പച്ചക്കൊടി കാട്ടുന്നതെന്നും അല്‍ അന്‍ബാ റിപ്പോര്‍ട്ടില്‍ പറയുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7