gnn24x7

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് കോടികൾ സമ്മാനം

0
205
gnn24x7

ദുബായ്: സ്വന്തം പേരിൽ ആദ്യമായി എടുത്ത ടിക്കറ്റിനു മലയാളിക്ക് കോടികൾ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് ഷാർജയിൽ സ്വകാര്യ കെട്ടിട നിർമാണ കരാർ കമ്പനിയിൽ മാനേജറായ കോട്ടയം പുതുപ്പള്ളി വാകത്താനം സ്വദേശി വിനോദ് കൊച്ചേരിൽ കുര്യന്(49) ഏകദേശം ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോൺ കോൾ ലഭിച്ചത്. താങ്കളാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയതെന്ന് പറഞ്ഞു അഭിനന്ദിച്ചു. പക്ഷേ, അത്ര വിശ്വാസം പോരായിരുന്നു. തുടർന്ന് ദുബായിൽ നിന്ന് മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോഴാണ് സത്യമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അജ്മാനിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഭാര്യ ഷാനിയെ വിളിച്ചു കാര്യം പറഞ്ഞു. സമ്മാനം നേടിയതിൽ വലിയ സന്തോഷമുണ്ടെങ്കിലും തത്കാലം ജോലി തുടരനാണ് തീരുമാനം.

വീടിന് തറക്കല്ലിട്ട് വരുമ്പോൾ ഭാഗ്യ ടിക്കറ്റ് സ്വന്തമാക്കി

കഴിഞ്ഞ 21 വർഷമായി യുഎഇയിലുള്ള വിനോദ് 14 വർഷമായി ബന്ധുവിന്റെ കമ്പനിയിലാണ് മാനേജറായി ജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ ജനുവരി 29ന് നാട്ടിൽ പോവുകയും 30ന് പുതിയ വീടിന് തറക്കല്ലിട്ട് 31ന് ദുബായിലേയ്ക്ക് തിരിച്ചുവരികയുമായിരുന്നു. കുറേ കാലത്തിന് ശേഷമാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. കൂടുതലും ഷാർജ രാജ്യാന്തര വിമാനത്താവളത്തിലൂടെയായിരുന്നു പോക്കുവരവ്. സമ്മാനം നേടിയ 2052 എന്ന ടിക്കറ്റ് വിനോദ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നു വാങ്ങിക്കുകയായിരുന്നു.

എന്നാൽ, അതേക്കുറിച്ച് പിന്നീട് ഒാർത്തിരുന്നില്ല. നേരത്തെ കമ്പനിയിലെ സുഹൃത്തുക്കളോടൊപ്പം നിരവധി പ്രാവശ്യം അബുദാബി ‍ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിച്ചിരുന്നു. ഒരു പ്രാവശ്യം ദുബായ് ടിക്കറ്റുമെടുത്തു. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) നറുക്കെടുപ്പുകളിലും പതിവായി പങ്കെടുക്കാറുണ്ട്. ഇതെല്ലാം സുഹൃത്തുക്കളുടെ പേരിലായിരുന്നു വാങ്ങിച്ചിരുന്നത്. ആദ്യമായാണ് 1,000 ദിർഹം നൽകി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റ് സ്വന്തം പേരിൽ ഒറ്റയ്ക്ക് വാങ്ങിയത്. അതു ജീവിതം തന്നെ മാറ്റി മറിക്കുന്ന സമ്മാനം നൽകിയതിൽ ഏറെ സന്തോഷമുണ്ടെന്ന് വിനോദ് പറഞ്ഞു.

മക്കളായ എവിൻ വിനോദ് കൊച്ചേരിൽ ഷാർജ ഇന്ത്യൻ സ്കൂളിൽ ആറാം ക്ലാസിലും ആൽവിൻ വിനോദ് കൊച്ചേരിൽ ഒന്നാം ക്ലാസിലും പഠിക്കുന്നു. ഇരുവർക്കും മികച്ച വിദ്യാഭ്യാസം നൽകി നല്ലൊരു ഭാവി സമ്മാനിക്കുകയാണ് പ്രധാനം. ബാക്കി പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നു വിനോദ് പറയുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ കുര്യനും ശോശാമ്മയും നേരത്തെ മരിച്ചുപോയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here