gnn24x7

അതിവേഗ യാത്രാ സംവിധാനമായ ഹൈപ്പർ ലൂപ്പ് സൗദി അറേബ്യയിലും

0
251
gnn24x7

റിയാദ്: അതിവേഗ യാത്രാ സംവിധാനമായ ഹൈപ്പർ ലൂപ്പ് സൗദി അറേബ്യയിലും നടപ്പാക്കാൻ ഒരുങ്ങുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ അമേരിക്കയിലെ വിർജിൻ ഹൈപ്പർ ലൂപ്പ് കമ്പനിയുമായി സൗദി ഗതാഗത മന്ത്രാലയം കരാർ ഒപ്പുവെച്ചു.

സൗദി കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരൻ മുൻകൈയെടുത്താണ് അത്യാധുനിക യാത്രാസംവിധാനമായ ഹൈപ്പർ ലൂപ്പ് നടപ്പാക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ അമേരിക്കൻ സന്ദർശന വേളയിൽ മുഹമ്മദ് സൽമാൻ രാജകുമാരൻ വിർജിൻ ഹൈപ്പർ ലൂപ്പ് കമ്പനി സന്ദർശിച്ചിരുന്നു. സൗദിയിൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച താൽപര്യം അദ്ദേഹം പ്രകടിപ്പിച്ചതോടെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ ഗതാഗതമന്ത്രാലയം തീരുമാനിച്ചത്. പുതിയ കരാർ പ്രകാരം സൗദിയിൽ ഗതാഗതമേഖലയിൽ നടപ്പാക്കേണ്ട പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് ഉപദേഷ്ടാവായി വിർജിൻ ഹൈപ്പർ ലൂപ്പ് കമ്പനിയെ നിയമിച്ചിട്ടുണ്ട്.

ഹൈപ്പർ ലൂപ്പ് നടപ്പാകുന്നതോടെ ജിദ്ദയിൽനിന്ന് റിയാദിൽ എത്താൻ വെറും 46 മിനിട്ട് മതി. അബുദാബി-റിയാദ് യാത്രയ്ക്കു വേണ്ടിവരുന്നത് വെറും 48 മിനിട്ട് മാത്രമായിരിക്കും. അതിവേഗ യാത്രയ്ക്കുപുറമെ ചരക്കുനീക്കത്തിനും ഹൈപ്പർ ലൂപ്പ് ഉപയോഗിക്കാനാകും.

കുറഞ്ഞ മർദ്ദമുള്ള ടണലിലൂടെ വിമാനത്തോളമോ അതിലേറെയെ വേഗതയിൽ ഭൂമിയിലൂടെ യാത്ര ചെയ്യാനാകുന്ന സംവിധാനമാണ് ഹൈപ്പർ ലൂപ്പ്. മണിക്കൂറിൽ 1223.1(760 മൈൽ) കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. നിലവിൽ 288 മൈൽ വേഗതയിൽ വരെ സഞ്ചരിക്കാനാകുമെന്ന് ഹൈപ്പർ ലൂപ്പ് പരീക്ഷിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ലോകത്ത് ഇതേവരെ എവിടെയും ഹൈപ്പർ ലൂപ്പ് നടപ്പാക്കിയിട്ടില്ല. നേരത്തെ ഇന്ത്യയും യുഎഇയും പദ്ധതിയ്ക്കായി താൽപര്യം പ്രകടിപ്പിച്ചിരുന്നു. 2024ഓടെ ലോകത്തെ ആദ്യ ഹൈപ്പർ ലൂപ്പ് ഗതാഗത സംവിധാനം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ മഹാരാഷ്ട്രയിൽ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇപ്പോൾ അവർ അതിൽനിന്ന് പിൻമാറുന്നതായാണ് സൂചന.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here