gnn24x7

ടെക്‌സാസിലെ പൈപ്പുവെള്ളത്തില്‍ തലച്ചോര്‍ തീനിയായ സൂക്ഷ്മജീവി; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

0
232
gnn24x7

ടെക്‌സാസ്: ടെക്‌സാസിലെ പൈപ്പുവെള്ളത്തില്‍ തലച്ചോര്‍ തീനിയായ അമീബ എന്നറിയപ്പെടുന്ന സൂക്ഷ്മജീവിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കി.

തലച്ചോറില്‍ രോഗബാധയുണ്ടാക്കുന്ന നൈഗ്ലീരിയ ഫൗളേരി എന്ന വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മജീവിയെയാണ് നഗരത്തിലെ പൊതുജല വിതരണ സംവിധാനത്തില്‍ കണ്ടെത്തിയത്.

ഇവ മൂക്കിലൂടെ തലച്ചോറിലേക്കെത്തിയാല്‍ ഗുരുരതമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. രോഗം ബാധിച്ചാല്‍ ഒരാഴ്ച്ചകൊണ്ട് മരണംവരെ സംഭവിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഇത്തരം സൂക്ഷ്മജീവികളില്‍ നിന്നുള്ള അസുഖം വളരെ അപൂര്‍വ്വമായി മാത്രമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ടെക്‌സാസ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

2009-2018 കാലയളവില്‍ 34 പേര്‍ക്ക് ഈ സൂക്ഷ്മാണുക്കളില്‍ നിന്ന് രോഗം ബാധിച്ചിരുന്നു. ഫൗളേരിയെ കണ്ടെത്തിയ ജല സ്രോതസ്സുകള്‍ അണുവിമുക്തമാക്കുകയാണെന്ന് ടെക്‌സാസിലെ ജലവിതരണ വകുപ്പ് ജീവനക്കാര്‍ അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഒരു കാരണവശാലും ടെക്‌സാസിലെ പൊതുജല വിതരണം സംവിധാനത്തില്‍ നിന്നുമുള്ള ജലം ഉപയോഗിക്കരുതെന്ന നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കുന്നത്. ഏതെങ്കിലും കാരണവശാല്‍ വെള്ളം ഉപയോഗിക്കുകയാണെങ്കില്‍ തിളപ്പിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

നിലവില്‍ ടെക്‌സാസിലെ ലേക്ക് ജാക്‌സണ്‍ പ്രദേശത്തുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. 27,000ത്തിലധികം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്.

കുളിക്കുമ്പോള്‍ വെള്ളം മൂക്കിലോ വായിലോ പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കുട്ടികളും പ്രായമായവരും, രോഗപ്രതിരോധശേഷി കുറവുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു.

നൈഗ്ലീരിയ ഫൗളേരി ശുദ്ധ ജലത്തിലാണ് സാധാരണയായി കണ്ടുവരുന്നത്. മൂക്കിലൂടെ ഇവ മനുഷ്യന്റെ തലച്ചോറില്‍ എത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

മലിനമായ വെള്ളം കുടിക്കുന്നതുകൊണ്ട് രോഗം വരില്ലെന്നും വ്യക്തികളില്‍ നിന്ന് രോഗം പകരില്ലെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. പനി, ഛര്‍ദ്ദി, തലവേദന, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം ബാധിച്ചാല്‍ ഒരാഴ്ച്ചയ്ക്കള്ളില്‍ മരണം സംഭവിച്ചേക്കാം.

നേരത്തെ ഫ്‌ളോറിഡയില്‍ ഈ വര്‍ഷം ആദ്യം നൈഗ്ലീരിയ ഫൗളേരിയ ബാധിച്ച് അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here