gnn24x7

കോവിഡ് 19: കൈയുറകള്‍ സൂക്ഷിച്ച് ഉപയോഗിക്കാം

0
194
gnn24x7

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌കും കൈയുറകളുമൊക്കെ ധരിക്കണമെന്ന നിര്‍ദേശങ്ങള്‍ നിങ്ങള്‍ കേട്ടുകാണും. നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍, അല്ലെങ്കില്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ഉത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. എന്നാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കയ്യുറകള്‍ ധരിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും രണ്ടഭിപ്രായമാണ്. അതിനാല്‍ ഇത് നല്ലതോ ചീത്തയോ ആണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്.

നിങ്ങളുടെ വീടിന് പുറത്ത് കൈകള്‍ മറയ്ക്കാന്‍ കയ്യുറകള്‍ ധരിക്കുന്നതിനെക്കുറിച്ച് മുന്‍കരുതല്‍ ഫലപ്രദമോ ആവശ്യമോ ആയിരിക്കുമോ? കയ്യുറകള്‍ ധരിക്കുന്നത് നിങ്ങള്‍ക്ക് രോഗാണുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള അപകടസാധ്യതയില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കില്ലെന്ന് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ സംരക്ഷണ ദാതാക്കളും പറയുന്നു.

കൈയുറകള്‍ സുരക്ഷിതമാണോ?

കയ്യുറകള്‍ സുരക്ഷയുടെ തെറ്റായ ബോധം നല്‍കുന്നുവെന്നാണ് ഭൂരിഭാഗം ആരോഗ്യ വിദഗ്ധരുടെയും അഭിപ്രായം. ഇവ ധരിക്കുന്നതിലൂടെ ആളുകള്‍ക്ക് പരിരക്ഷിതരാണെന്നു തോന്നാമെങ്കിലും, തുടര്‍ന്ന് സ്വയം ശരീരത്തില്‍ തൊടാനോ മുഖത്ത് സ്പര്‍ശിക്കാനോ കയ്യുറകള്‍ ഉപയോഗിച്ചെന്നു വരാം. കയ്യുറകള്‍ മലിനമായാല്‍, അവ നിങ്ങളുടെ നഗ്‌നമായ മലിനമായ കൈകള്‍ പോലെ തന്നെയാണ്.

തെറ്റായ സുരക്ഷ

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കയ്യുറകള്‍ ധരിക്കുന്നത് നിങ്ങള്‍ക്ക് തെറ്റായ സുരക്ഷ നല്‍കുന്നു. മാത്രമല്ല, കൈകഴുകുകയോ മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുകയോ പോലുള്ള മറ്റ് ശുചിത്വ നടപടികളെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധാലുവാകുന്നുമില്ല. കയ്യുറകള്‍ ശരിയായി ഉപയോഗിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വയം മലിനമാകുന്നു. നിങ്ങളുടെ കൈകൊണ്ട് തൊടുന്ന എന്തും, ഫോണ്‍, വാലറ്റ് പോലുള്ളവ സാങ്കേതികമായി മലിനമാണെന്ന് ഓര്‍മ്മിക്കുക. നിങ്ങള്‍ കയ്യുറകള്‍ അഴിച്ചുമാറ്റുമ്പോഴാണ് ഈ ക്രോസ്മലിനീകരണം പലപ്പോഴും സംഭവിക്കുന്നത്.

വെറുതേ ധരിച്ചതു കൊണ്ട് കാര്യമില്ല

കൈയുറകള്‍ വെറുതേ ധരിച്ചതു കൊണ്ടുമാത്രം നിങ്ങള്‍ സുരക്ഷിതരാകണമെന്നില്ല. അവയ്ക്കു പുറമേ കൃത്യമായ ശുചിത്വാവബോധം കൂടി വേണം. കൈയുറകള്‍ ധരിച്ചു മലിനമായ പ്രതലങ്ങളില്‍ തൊട്ട് മുഖത്ത് തൊടുന്നതു വഴിയും കൈയുറകള്‍ ഊരിമാറ്റുന്നതില്‍ അശ്രദ്ധ കാണിക്കുന്നതു വഴിയും വൈറസ് നിങ്ങളുടെ ശരീരത്തിലെത്താം. നിങ്ങള്‍ ഒരു പുതിയ ജോഡി കയ്യുറകള്‍ ധരിക്കുന്നതിനുമുമ്പ്, നിങ്ങളുടെ കൈ കഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. കയ്യുറകള്‍ക്ക് പോറലില്ലെന്നും ഉറപ്പുവരുത്തുക. അവ കൈപത്തിക്കു മുകളിലേക്കും വലിക്കുക, നിങ്ങളുടെ കൈത്തണ്ടയും മൂടുക.

കൈയുറ ഊരുമ്പോള്‍ ശ്രദ്ധിക്കാന്‍

കൈയുറകള്‍ ഊരി മാറ്റുമ്പോഴും പ്രത്യേക ശ്രദ്ധ നല്‍കണം. നിങ്ങളുടെ കൈയ്യുറകളിലൊന്നിന്റെ പുറം പിടിച്ച് കൈയ്യില്‍ നിന്ന് പുറത്തേക്കു വലിച്ചൂരുക. കൈത്തണ്ടയുടെ ഭാഗത്തു പിടിച്ച് ഊരി മുഴുവനായും പുറത്തെത്തുന്നതിനു മുമ്പ് വിരലിന്റെ ഭാഗത്തു പിടിച്ച് ഗ്ലൗസ് നേരെയാക്കുക. രണ്ട് കയ്യുറയുടെയും പുറം തൊടാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കയ്യുറകള്‍ ഊരി മാറ്റിയ ശേഷം കൈകള്‍ വീണ്ടും നന്നായി കഴുകുക അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.

ഡിസ്‌പോസിബിള്‍ കയ്യുറകള്‍ വൃത്തിയാക്കാമോ?

കൈയുറകള്‍ക്കും മാസ്‌കുകള്‍ക്കും ദൗര്‍ലഭ്യമാണെന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. നിങ്ങളുടെ ഒരു ജോടി ഡിസ്‌പോസിബിള്‍ ലാറ്റക്‌സ് കയ്യുറകള്‍, വൈറസ് പ്രതലങ്ങളില്‍ സ്പര്‍ശിച്ചിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം സോപ്പ് വെള്ളത്തില്‍ മുക്കി കഴുകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വീടിനു പുറത്ത് പൊതു ഇടങ്ങളിലെ സഞ്ചാരത്തിനും ശേഷമാണെങ്കില്‍ കഴിവതും ഡിസ്‌പോസിബിള്‍ ഗ്ലൗസ് പുനരുപയോഗിക്കാതിരിക്കുക.

ആരാണ് കയ്യുറകള്‍ ധരിക്കേണ്ടത്

കോവിഡ് 19 ബാധിച്ച ഒരാളെ പരിചരിക്കുന്ന ആളുകള്‍ ഉപരിതലങ്ങള്‍ വൃത്തിയാക്കുമ്പോഴും പാത്രങ്ങള്‍ കഴുകുമ്പോഴും രോഗിയായ വ്യക്തിയുടെ തുണികള്‍ അലക്കുമ്പോഴും ഡിസ്‌പോസിബിള്‍ ഗ്ലൗസുകള്‍ ധരിക്കണമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍(സിഡിസി) നിര്‍ദേശിക്കുന്നു. നിങ്ങള്‍ ഒരു രോഗബാധിതനുമായി നേരിട്ട് ബന്ധപ്പെടുമ്പോള്‍, കൂടുതല്‍ വൈറസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. കയ്യുറകള്‍ ലഭ്യമല്ലെങ്കില്‍, രോഗിയായ ഒരാളുടെ വസ്ത്രമോ മറ്റു വസ്തുക്കളോ കൈകാര്യം ചെയ്ത ശേഷം കൈ കഴുകാനും സിഡിസി നിര്‍ദേശിക്കുന്നുണ്ട്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

* 20 സെക്കന്‍ഡെങ്കിലും കൈകള്‍ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് കൈയുറ ധരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സംരക്ഷണം നല്‍കും.

* കൈയുറ ധരിച്ച ശേഷവും കൊറോണ വൈറസ് ബാധയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുകയും പിന്നീട് കണ്ണ്, വായ, മൂക്ക് എന്നിവയില്‍ തൊട്ടാലും വൈറസ് ബാധയേല്‍ക്കാനിടയാക്കുന്നു.

* പൊതുശുചീകരണം, അണുനശീകരണം, വീട്ടു ജോലികള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കൈയുറകള്‍ ധരിക്കാവുന്നതാണ്.

* കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്ന വ്യക്തിക്ക് പരിചരണം നല്‍കുമ്പോള്‍, അവരുടെ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍, മാലിന്യങ്ങള്‍ നീക്കുമ്പോള്‍, പാത്രങ്ങള്‍ കഴുകുമ്പോള്‍ നിങ്ങള്‍ കൈയുറകള്‍ ധരിക്കണം.

* കൈയുറ ധരിക്കുന്നതിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുക.

* ഓരോ ഉപയോഗത്തിന് ശേഷവും കൈയുറകള്‍ നീക്കം ചെയ്യണം.

* കൈയുറകള്‍ കീറുകയോ മലിനമാകുകയോ ചെയ്താലും അവ ഉപേക്ഷിക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here