gnn24x7

ബാര്‍ലി ടീ ഉത്തമ ഔഷധം

0
400
gnn24x7

ഭക്ഷണങ്ങളില്‍ വൈവിധ്യം കണ്ടെത്തുന്ന മലയാളികള്‍ക്ക് അതിന്റെ പരിണിതഫലമെന്നോണം വൈരുധ്യങ്ങളായ രോഗങ്ങളും കൂടെക്കൂടുന്നു. മിക്ക ജീവിതശൈലീ രോഗങ്ങളും നമ്മുടെ ഭക്ഷണശീലവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് അറിയാമല്ലോ? ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് ആരോഗ്യവും അതുപോലെ തന്നെ അസുഖവും ശരീരത്തിനു നല്‍കാവുന്നതാണ്. നല്ല ഭക്ഷണ ആരോഗ്യം പ്രദാനം ചെയ്യുമ്പോള്‍ ക്രമരഹിതമായവ നിങ്ങളെ രോഗിയാക്കുന്നു. അതിനാല്‍ നിങ്ങളിലെ രോഗങ്ങളെ ചെറുക്കാനായി നിങ്ങള്‍ക്ക് ആരോഗ്യമുള്ള മറ്റൊരു വൈവിധ്യം കൂടി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ബാര്‍ലി ടീ അത്തരമൊരു പോഷകദായിനിയാണ്.

ചൈന, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളില്‍ ബാര്‍ലി ടീ ഒരു സാധാരണ പാനീയമാണ്. പതിവായി ബാര്‍ലി ചായ കുടിക്കുന്നവര്‍ക്ക് അതിശയകരമായ ഗുണങ്ങള്‍ ലഭിക്കുന്നു. ലോകത്തില്‍ കൂടുതല്‍ക്കാലം ജീവിച്ചിരിക്കുന്നവരുള്ളതും ജപ്പാന്‍, ചൈന, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും ഇതിനോടൊപ്പം ചേര്‍ത്തു വായ്‌ക്കേണ്ടതാണ്. അതായത് അസുഖങ്ങള്‍ അകറ്റി നിങ്ങളെ കൂടുതല്‍ക്കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ഇത്തരം പാനീയങ്ങള്‍ സഹായിക്കുമെന്നര്‍ത്ഥം.

കഫീന്‍ രഹിതം

മറ്റു ചായകളിലെയോ കാപ്പികളിലെയോ പോലെയല്ലാതെ ബാര്‍ലി ചായ കഫീനില്‍ നിന്ന് മുക്തമാണ്. ജപ്പാനില്‍ ഇത് മുഗിച്ച എന്നും കൊറിയന്‍ ഭാഷയില്‍ ബോറിച്ച എന്നും അറിയപ്പെടുന്നു. വറുത്ത ബാര്‍ലി അല്ലെങ്കില്‍ ബാര്‍ലി വിത്തുകള്‍ ചൂടുവെള്ളത്തില്‍ തിളപ്പിച്ചാണ് ചായ ഉണ്ടാക്കുന്നത്. ബാര്‍ലി ടീ അതിന്റെ സൗരഭ്യവാസനയെയും സ്വാദിനേക്കാളും കൂടുതല്‍ വാഗ്ദാനം ചെയ്യുന്നത് ആരോഗ്യം തന്നെയാണ്. ടീ ബാഗുകളുടെ രൂപത്തില്‍ ഇത് ലഭ്യമാണെങ്കിലും വറുത്തതും വൃത്തിയായതുമായ ബാര്‍ലി ധാന്യങ്ങള്‍ വെള്ളത്തില്‍ തിളപ്പിച്ച് വീട്ടില്‍ തന്നെ ബാര്‍ലി ടീ എളുപ്പത്തില്‍ തയ്യാറാക്കാം.

ഉത്തമ ഔഷധം

ഒരു ഔഷധ മരുന്നായി ഉപയോഗിക്കാവുന്ന ബാര്‍ലി ടീയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്ത ആന്റി ബാക്ടീരിയലായി പ്രവര്‍ത്തിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ നാരുകള്‍ വളരെ കൂടുതലുള്ള ബാര്‍ലിയുടെ ആരോഗ്യകരമായ ധാരാളം ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ഒരു കപ്പ് കഫീന്‍ കാപ്പി അല്ലെങ്കില്‍ കട്ടന്‍ ചായയ്ക്ക് പകരം ആരോഗ്യകരമായൊരു ബദലായി ബാര്‍ലി ചായ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ആന്റിഓക്സിഡന്റുകളില്‍ സമ്പന്നം

ബാര്‍ലി ചായയില്‍ ഉയര്‍ന്ന അളവില്‍ ആന്റി ഓക്സിഡന്റുകള്‍ ഉണ്ട്. ആന്റി ഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന ലിഗ്‌നന്‍സ്, സെലിനിയം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി തുടങ്ങി നിരവധി സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യപരമായ സങ്കീര്‍ണതകളായ കോശജ്വലനം, ഹൃദയ, ന്യൂറോ തകരാറുകള്‍ എന്നിവ ബാര്‍ലി ടീയില്‍ അടങ്ങിയിരിക്കുന്ന ഈ ആന്റിഓക്സിഡന്റുകള്‍ തടയുന്നു.

ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍

പല്ലുകള്‍ നശിക്കാന്‍ കാരണമാകുന്ന ബാക്ടീരിയ ഏജന്റുകളാണ് ഓറല്‍ സ്‌ട്രെപ്‌റ്റോകോക്കി. പ്രധാനമായും സ്‌ട്രെപ്‌റ്റോകോക്കിയുടെ ബാക്ടീരിയയുടെ വളര്‍ച്ചയെ തടയാന്‍ ബാര്‍ലി ടീ സഹായിക്കുന്നു. മാത്രമല്ല പല്ലുമായി ബാക്ടീരിയയുടെ ഒത്തുചേരല്‍ തടയുകയും പല്ലുകള്‍ നശിക്കുന്നത് തടയുകയും ചെയ്യുന്നു.

കാന്‍സറിനെ തടയുന്നു

ഹോര്‍മോണുകളുടെ വ്യതിയാനത്താല്‍ വരുന്ന പ്രോസ്റ്റേറ്റ്, സ്തനാര്‍ബുദം തുടങ്ങിയ കാന്‍സറുകളെ ബാര്‍ലി ടീയില്‍ അടങ്ങിയിരിക്കുന്ന ഹൈറ്റോ ന്യൂട്രിയന്റുകള്‍ തടയുന്നു. ബാര്‍ലി ടീയിലെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്സിഡന്റ് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കോശങ്ങളുടെ കേടുപാടുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

ശരീരത്തിലെ വിഷാംശം നീക്കുന്നു

നിങ്ങളുടെ ശരീരത്തെ രണ്ട് തരത്തില്‍ വിഷാംശം നീക്കാന്‍ ബാര്‍ലി ടീ സഹായിക്കും. ആദ്യമായി ഇത് നിങ്ങളുടെ രക്തത്തെ ശുദ്ധീകരിക്കുന്നു. രക്തത്തിലെ ശീതീകരണത്തെ തടയുകയും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്ന പിരാസൈന്‍ എന്ന പദാര്‍ത്ഥം ബാര്‍ലി ടീയില്‍ അടങ്ങിയിരിക്കുന്നു. രണ്ടാമതായി നിങ്ങളുടെ ശരീരത്തില്‍ നിന്ന് എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളാന്‍ സഹായിക്കുന്ന കരളിന് ബാര്‍ലി ടീ വളരെ മികച്ചതാണ്. ശരീരത്തിലെ അമിത കൊഴുപ്പ് നീക്കുന്നതിനും ഇത് സഹായിക്കുന്നു. അതിനാല്‍ നിങ്ങളുടെ കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

ആരോഗ്യകരമായ രക്തചംക്രമണം

ഉയര്‍ന്ന വിസ്‌കോസ് രക്തം ക്രമരഹിതമായ രക്തചംക്രമണത്തിനും ശരീരത്തില്‍ ആരോഗ്യ വൈകല്യങ്ങള്‍ക്കും കാരണമാകും. രക്തത്തിലെ ദ്രാവകത നിയന്ത്രിക്കാനും വര്‍ദ്ധിപ്പിക്കാനും ബാര്‍ലി ടീ സഹായിക്കുന്നു. ആരോഗ്യകരമായ രക്തചംക്രമണം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

രക്തം ശുദ്ധീകരിക്കുന്നു

ബാര്‍ലി ടീ ഉപയോഗിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രിക്കാനും കഴിയും. ഒരു രക്തശുദ്ധീകരണ ഏജന്റായി ബാര്‍ലി പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ ഇത് നിങ്ങള്‍ക്ക് ആരോഗ്യകരമായ ഹൃദയം നല്‍കുന്നു.

ശ്വാസകോശത്തെ ക്രമപ്പെടുത്തുന്നു

ഒരു ദിവസം ഒരു കപ്പ് ബാര്‍ലി ചായ നിങ്ങളുടെ ശ്വാസകോശത്തെ ക്രമപ്പെടുത്തുന്നു. ജലദോഷത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ ബാര്‍ലി ടീ സഹായിക്കുന്നു. പനിക്കും ഫലപ്രദമായ ചികിത്സയായി ബാര്‍ലി ടീ പറയപ്പെടുന്നു. ഇത് സിസ്റ്റം ശുദ്ധീകരിക്കുന്നതില്‍ സഹായിക്കുന്നു. കഫവും മറ്റും നീക്കി ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ ചികിത്സിക്കാന്‍ സഹായിക്കുന്നു. രണ്ടു കപ്പ് ബാര്‍ലി ടീ കുടിക്കുന്നത് തൊണ്ടവേദനയ്ക്കും ആശ്വാസം നല്‍കും.

ദഹനം മെച്ചപ്പെടുത്തുന്നു

ബാര്‍ലി ടീയുടെ ഏറ്റവും മികച്ച ഗുണമാണ് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തി ഉദരാരോഗ്യം നല്‍കുന്നു എന്നത്. ഇത് സ്വാഭാവിക ആന്റാസിഡ് ആയതിനാല്‍ ദഹനം മെച്ചപ്പെടുത്തുന്നു. ഛര്‍ദ്ദി ചികിത്സിക്കാനും ഇത് സഹായിക്കുന്നു.

മൂത്രനാളിയിലെ അണുബാധ തടയുന്നു

മൂത്രനാളി അണുബാധ ചികിത്സിക്കാന്‍ നിങ്ങളെ ബാര്‍ലി ടീ സഹായിക്കുന്നു. വെള്ളവും ബാര്‍ലിയും മാത്രം കൂടിച്ചേര്‍ന്ന ബാര്‍ലി ടീ കഫീന്‍ ഇല്ലാത്ത ഒരു മികച്ച പാനീയമാണ്. ദിവസം മുഴുവന്‍ സുരക്ഷിതമായി ഇതു കഴിക്കുകയും ചെയ്യാം. മൂത്രമൊഴിക്കാനുള്ള അടിയന്തിരാവസ്ഥയാണ് യു.ടി.ഐയുടെ ഒരു സവിശേഷത. പക്ഷേ ബാക്ടീരിയകള്‍ മൂത്രത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയേക്കാം. ബാര്‍ലി ടീ ഡൈയൂററ്റിക് ആയി പ്രവര്‍ത്തിച്ച് ഇത് മൂത്രം വര്‍ദ്ധിക്കുന്നതിനിടയാക്കുന്നു. അങ്ങനെ ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

മലബന്ധം തടയുന്നു

ധാരാളം ഫൈബര്‍ അടങ്ങിയ ബാര്‍ലി ടീ മലബന്ധം തടയുന്നു. ബാര്‍ലി ചായയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനനാളത്തെ മെച്ചപ്പെടുത്തുന്നതോടെ സ്ഥിരവും ആയാസരഹിതവുമായ മലശോധന പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ മലബന്ധത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here