കൊറോണ വൈറസ് ബാധയെ പേടിച്ച് ജോലി നിര്‍ത്തിവയ്ക്കാതെ ‘വര്‍ക്ക് ഫ്രം ഹോം’ സംസ്‌കാരത്തിന് പരമാവധി ഊന്നല്‍ നല്‍കുന്നു ചൈന. ഫാക്ടറികള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ നഗര കേന്ദ്രങ്ങളെ നിശ്ചലമാക്കുമ്പോഴും അപ്പാര്‍ട്ടുമെന്റുകളുള്‍പ്പെടെ വീടുകളുടെ അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍, ബിസിനസ് ശൃഖലകള്‍ പ്രവര്‍ത്തന നിരതമാണ്.
ചൈനയിലെ മിക്ക നഗരങ്ങളിലും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് തൊഴില്‍ ചെയ്യാനുളള ‘വെര്‍ച്ചല്‍ ഇടം’ ഒരുക്കുന്ന തിരക്കിലാണ് കമ്പനികള്‍.ചൈനയില്‍ മാത്രമല്ല കൊറോണ സ്ഥിരീകരിച്ച മറ്റ് രാജ്യങ്ങളിലും വീട്ടിലിരുന്ന് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതായാണ് റിപ്പോര്‍ട്ട്.
‘വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നത് പരീക്ഷിക്കുന്നതിനുള്ള ഒരു നല്ല അവസരമാണിത്, ‘ഇന്റര്‍പബ്ലിക് ഗ്രൂപ്പിന്റെ ഭാഗമായ 400 ആളുകളുള്ള ഷാങ്ഹായ് പരസ്യ ഏജന്‍സിയായ റിപ്രൈസ് ഡിജിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ആല്‍വിന്‍ ഫൂ പറഞ്ഞു.
ഒരു ക്രിയേറ്റീവ് പരസ്യ ഏജന്‍സിക്ക് വ്യക്തിപരമായുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കാനാകില്ല. എങ്കിലും ധാരാളം വീഡിയോ ചാറ്റുകളും ഫോണ്‍ കോളുകളും ഇപ്പോഴും സാധ്യമാകുന്നുണ്ടെന്ന് ആല്‍വിന്‍ ഫൂ ചൂണ്ടിക്കാട്ടി.’വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിക്കാന്‍ പോകുന്നു. ഇപ്പോള്‍, ചൈനയിലെ ഭൂരിഭാഗം ആളുകളും ചാന്ദ്ര പുതുവത്സരത്തിനായി അവധിയിലാണ്. കമ്പനികള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വര്‍ക്ക് ഫ്രം ഹോം പരീക്ഷണത്തിനാകും ചൈന വേദിയാകുക.’
വീഡിയോചാറ്റ് ആപ്ലിക്കേഷനുകള്‍ വഴി ധാരാളം ക്ലയ്ന്റ് മീറ്റിംഗുകളും ഗ്രൂപ്പ് ചര്‍ച്ചകളും സംഘടിപ്പിക്കാന്‍ ശ്രമം നടക്കുന്നു. പുതിയ ആവശ്യങ്ങള്‍ക്കനുസൃതമായ പ്ലാറ്റ്ഫോമുകളെക്കുറിച്ചുള്ള പദ്ധതികളും ചൈനീസ് കമ്പനികള്‍ തകൃതിയായി ചര്‍ച്ച ചെയ്യുന്നു.ആവശ്യമെങ്കില്‍ 10 ദിവസത്തിനകം വന്‍ ആശുപത്രി പണിയുന്ന ചൈന, വൈറസിനു കീഴടങ്ങി ബിസിനസ് തളരുന്നതിനു നിസ്സംഗതയോടെ സാക്ഷ്യം വഹിക്കാന്‍ തങ്ങള്‍ക്കാകില്ലെന്ന സന്ദേശവും ലോകത്തിനു നല്‍കുന്നു.